സിനിമാ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രെയ്ലറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ആവേശം ഒട്ടും കുറയ്ക്കാതെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. എമ്പുരാന്റെ ട്രെയ്‌ലർ ആദ്യം കണ്ടിരിക്കുന്നത് രജനികാന്ത് ആണെന്ന് അറിയിച്ചിരിക്കുകയാണ് താരം. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പൃഥ്വിരാജ് ചെന്നൈയില്‍ എത്തിയാണ് രജനിയെ എമ്പുരാന്‍ ട്രെയ്‌ലര്‍ കാണിച്ചത്.
‘എമ്പുരാൻ ട്രെയ്‌ലർ ആദ്യം കണ്ട ആൾ രജനികാന്ത്, ട്രെയ്‌ലർ കണ്ടതിനുശേഷം നിങ്ങൾ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കും! അത് എനിക്ക് മറക്കാൻ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകൻ! ‘ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റേതായി അപ്ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇത് ട്രെയ്‌ലർ അപ്ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
മാർച്ച് 27-ന് രാവിലെ ആറ് മണിക്ക് ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ആഗോള റിലീസായി എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അവിടത്തെ ടൈംസോൺ അനുസരിച്ചായിരിക്കും പ്രദർശനം ആരംഭിക്കുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.അതേസമയം എമ്പുരാന്‍റെ റിലീസ് 27ന് ഉറപ്പിച്ച് സംവിധായകൻ പൃഥ്വിരാജ്. ഫെയ്സ്ബുക്കിൽ ഗോകുലം മൂവീസ് എമ്പുരാനൊപ്പം ചേർന്നതിന് നന്ദി പറഞ്ഞാണ് പൃഥ്വിരാജ് സിനിമയുടെ റിലീസ് സ്ഥിരീകരിച്ചത്.