Saturday, March 29, 2025

HomeUncategorizedബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാർക്ക് ശിക്ഷ

ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാർക്ക് ശിക്ഷ

spot_img
spot_img

തലശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നു വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

ഒന്നാം പ്രതിയും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുമായ ടി.കെ. രജീഷ്, അഞ്ചാം പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരനുമായ മനോരാജ് നാരായണന്‍, എന്‍.വി. യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി. പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വർഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികൾക്കെതിരായ കുറ്റങ്ങള്‍. നേരത്തെ, ഒന്നാം പ്രതിയായിരുന്ന പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ടാണ് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

സംഭവത്തിന് ആറു മാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറു മാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു. തുടക്കത്തില്‍ പത്തു പേരായിരുന്നു കേസിൽ​ പ്രതികൾ. പിന്നീട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷിന്‍റെ കുറ്റസമ്മതമൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments