Saturday, March 15, 2025

HomeUncategorizedപ്രിയ കെ.വി.തോമസേ, നിങ്ങളോർക്കുക നിങ്ങളെങ്ങനെ 'തിരുത തോമസ്' ആയെന്ന്...

പ്രിയ കെ.വി.തോമസേ, നിങ്ങളോർക്കുക നിങ്ങളെങ്ങനെ ‘തിരുത തോമസ്’ ആയെന്ന്…

spot_img
spot_img

ജെയിംസ് കൂടൽ

ധികാര മോഹികളും പിന്നെ കുറേ തര്‍ക്കങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, പക്ഷെ നാളിതുവരെ ഈ ഈ നാണംകെട്ട വിവാദം അവസാനിപ്പിക്കാന്‍ ഈ പ്രസ്ഥാനത്തിനു കഴിയാതെ പോകുന്നത് എന്തുകൊണ്ടാകും? ഇപ്പോഴിതാ ഈ വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം തലമുതിര്‍ന്ന നേതാവ് സാക്ഷാല്‍ പ്രഫ. കെ. വി. തോമസാണ്. ഈ തോമസ് മാഷെന്താണ് കുട്ടികളെ പോലെ പെരുമാറുന്നത്? മാഷാണല്ലോ കുട്ടികള്‍ക്കും മാതൃകയാകേണ്ടത്…?

അധികാരം വല്ലാത്തൊരു ലഹരി തന്നെയാണ്. പക്ഷെ അതില്‍ ലയിച്ച് നേട്ടങ്ങള്‍ സമ്മാനിച്ച പ്രസ്ഥാനത്തെ മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഒരാള്‍ എങ്ങനെയാണ് നല്ലൊരു നേതാവാകുന്നത്?
1970-75 കാലഘട്ടത്തിൽ കോൺഗ്രസ് കുമ്പളങ്ങി വാർഡ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. കെ.പി.സി.സി. അംഗം, ഡിസിസി ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി ഓർഗനൈസിംഗ് സെക്രട്ടറി, എഐസിസി അംഗം, പാർലമെന്റ് അംഗം, മന്ത്രി, കേദ്രമന്ത്രി തുടങ്ങിയ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു.

കെ. വി. തോമസിന് വലുത് പ്രസ്ഥാനമോ തന്റെ അധികാരമോ? അധികാരം തന്നെയെന്ന് പറയാതെ പറയുകയാണ് തോമസ് മാഷ് ഓരോ ദിവസവും. സാധാരണ പ്രവര്‍ത്തകനായി തുടങ്ങി കിട്ടാവുന്ന എല്ലാ സ്ഥാനങ്ങളും അംഗീകാരങ്ങളും നേടിയ നേതാവ്, ഇനി പുതു തലമുറയ്ക്കായി പിന്നിലേക്ക് മാറി മുന്നില്‍ നിന്ന് നയിക്കേണ്ട വ്യക്തിത്വം. പക്ഷെ എത്രത്തോളം അദ്ദേഹം അധപതിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിനു മേല്‍വിലാസം നല്‍കിയ പ്രസ്ഥാനത്തേയും ഒപ്പം നിന്ന പ്രവര്‍ത്തകരേയും മറന്നാണ് സംസാരം. തോമസ് മാഷിന് വിശ്രമിക്കാന്‍ നേരമായെന്ന് അദ്ദേഹത്തിനു തന്നെ വ്യക്തമായി അറിയാം. എന്നിട്ടും വഴക്കിട്ടും പിണങ്ങി നിന്നും കാര്യം കാണാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് നേരെ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങുക തന്നെ വേണം.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എല്ലാ കാലത്തേയും ശാപമാണ് സീനിയര്‍ നേതാക്കന്‍മാരുടെ ഈ പകിട കളി. ഗ്രൂപ്പ് രാഷ്ട്രീയംപോലെ കോണ്‍ഗ്രസിനെ എല്ലാ കാലത്തും മലീനസപ്പെടുത്തുന്നുണ്ട് ഈ പ്രവണത. ഇതിനൊരവസാനം കണ്ടേ മതിയാകു. മൂന്നു തവണയില്‍ കൂടുതല്‍ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാക്കന്‍മാര്‍ മാറി നില്‍ക്കണമെന്ന ചട്ടം പാര്‍ട്ടി സ്വീകരിച്ചാല്‍ അത് വലിയൊരു മാതൃകയാകും.

താനെല്ലാകാലത്തുമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കഴിഞ്ഞ ദിവസം തോമസ് മാഷ് ആവര്‍ത്തിച്ചു പറയുന്നത് കേട്ടു. അത് സ്വയം വിശ്വസിപ്പിക്കാന്‍ വേണ്ടിയാണെന്നു തോന്നുന്നു. സിപിഎമ്മിന്റെയും ബിജെപിയുടേയും നേതാക്കന്മാരുമായി തോമസ് മാഷ് എത്രയോ വട്ടം പരസ്യമായും രഹസ്യമായും സംവദിച്ചിരിക്കുന്നു. പക്ഷെ പുതു ചെങ്ങാത്തത്തിനു പോകും മുന്‍പ്് സ്വയം ഒരു നിമിഷമെങ്കിലും പിന്നിട്ട വഴികള്‍ ഓര്‍ക്കണം. ഒപ്പം നിന്ന അണികളെയും വളര്‍ത്തിയ നേതാക്കളേയും അനുസ്മരിക്കണം. കോണ്‍ഗ്രസിലെ കുറച്ചുപേരെങ്കിലും തലമുതിര്‍ന്ന നേതാവായി കണ്ട് അങ്ങയെ വണങ്ങുന്നുണ്ട്. സിപിഎമ്മിനൊപ്പം കൂടി ചുവന്ന ഷാളണിഞ്ഞാല്‍ അങ്ങയുടെ വളര്‍ച്ച എവിടെ വരെ ഉണ്ടാകുമെന്നും മനസ്സിരുത്തി ഒന്ന് ആലോചിക്കണം. അവഗണന എന്ന വാക്കിന്റെ അര്‍ത്ഥം അപ്പോഴെങ്കിലും തിരിച്ചറിയും.

നിങ്ങളെ പോലെയുള്ള സീനിയര്‍ നേതാക്കളിങ്ങനെ പരിതപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ പുതുതലമുറയുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അവര്‍ ആരോട് പരാതി പറയും. കെ റെയിലും ഇന്ധനവില വര്‍ധനവുമൊക്കെ ചര്‍ച്ചയാക്കി ജനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം ഇടം നേടേണ്ട കാലത്താണ് അനാവശ്യമായ ചര്‍ച്ചകളെന്ന് ഓര്‍ക്കണം.

കെ. വി. തോമസിന്റെ ജീവിതകാലത്തിന്റെ നല്ലൊരു പങ്കും അധികാരത്തിന്റെ കുപ്പായമണിഞ്ഞാണ് മുന്നേറിയത്. നിങ്ങളുടെ ജീവിതം നിങ്ങളുടെ കാര്യമാകാം. പക്ഷെ നിങ്ങളെ നയിച്ച പ്രസ്ഥാനത്തിലെ ഒറ്റയാനല്ല നിങ്ങള്‍. കടമ്മനിട്ട പാടിയപോലെ തോമസ് മാഷ് ഒന്നോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്?

കെ.വി. തോമസിന്റെ അനുഭവങ്ങളും ജനം അദ്ദേഹത്തെ വീക്ഷിക്കുന്നതും കോൺഗ്രസിലെ എല്ലാ നേതാക്കൾക്കും ഒരു പാഠമാവട്ടെ…

ജെയിംസ് കൂടൽ, ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് , അമേരിക്ക 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments