ന്യൂഡല്‍ഹി: ഒമ്ബതു സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഈ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിയില്‍ എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കൂടാതെ സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. ഇന്നും ഇത് തുടരും.
എന്നാല്‍ പടിഞ്ഞാറന്‍ ന്യൂന മര്‍ദ്ദം കാരണം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി അറിയിച്ചു.
ഉഷ്ണതരംഗത്തില്‍, ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നവരോ ഭാരിച്ച ജോലികള്‍ ചെയ്യുന്നവരോ ആയ ആളുകളില്‍ ഉഷ്ണരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ നിരവധി പേര്‍ക്ക് സൂര്യാതപമേല്‍ക്കുകയും 13 പേര്‍ മരിക്കുകയും ചെയ്തിരുന്നു. അന്ന് 42 ഡിഗ്രി ചൂടായിരുന്നു മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.
കഠിനമായ ചൂടില്‍ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കണമെന്നും ഐ.എം.ഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സമതലങ്ങളില്‍ ചൂട് പരമാവധി 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കുമ്ബോളാണ് ഉഷ്ണതരംഗമായി പരിഗണിക്കുന്നത്. തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര മേഖലകളില്‍ 30 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ ചൂടും (ശരാശരി പരമാവധിയേക്കാള്‍ 4.5 നും 6.4 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ കൂടുന്ന അവസ്ഥ). ഈ അവസ്ഥകള്‍ തുടര്‍ച്ചയായി രണ്ട് ദിവസം തുടരുകയാണെങ്കില്‍, രണ്ടാം ദിവസം ഉഷ്ണതരംഗമായി പ്രഖ്യാപിക്കും.