ഷാർജ: പ്രവാസിയും മലയാളിയുമായ ആൺ സുഹൃത്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണം ചെയ്ത് വഞ്ചിച്ച പരാതിയുമായി ഷാർജയിൽ താമസിക്കുന്ന തെലങ്കാന യുവതി. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ യുവാവിനെതിരെയാണ് തെലുങ്കാന കരീം നഗർ സ്വദേശിനിയായ 28 വയസുകാരി നിയമ പോരാട്ടത്തിനൊരുങ്ങുന്നത്.
യുവാവിനെതിരെ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയ യുവതി ആ രേഖകൾ വച്ച് വഞ്ചനയ്ക്കെതിരെ ഷാർജ പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ്. ഷാർജയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഒന്നിച്ച് ജോലി ചെയ്യുമ്പോൾ പ്രണയത്തിലായ ഇരുവരും ഏഴ് വർഷത്തോളം വളരെ അടുപ്പത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ കൂടെ കൊണ്ടു നടന്നിരുന്നത്.
എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയ 30 വയസ്സുകാരൻ നാട്ടിൽ മറ്റൊരു വിവാഹത്തിന് ഒരുക്കം കൂട്ടുന്നതറിഞ്ഞ യുവതി കാഞ്ഞങ്ങാട് ചെന്ന് കുടുംബത്തെ കാര്യങ്ങളിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അപ്പോഴേയ്ക്കും യുവാവ് വീണ്ടും യുഎഇയിലേയ്ക്ക് മുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ഷാർജയിൽ തൊഴിലൊന്നുമില്ലാതെ കഴിയുകയാണ് ഇയാളെന്ന് യുവതി മനോരമ ഓൺലൈനിനോട് പറഞ്ഞു.