Friday, January 10, 2025

HomeUncategorizedയു.ഡി.എഫ് തട്ടിക്കൂട്ടും കോണ്‍ഗ്രസ് ആള്‍ക്കൂട്ടവുമെന്ന് കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്

യു.ഡി.എഫ് തട്ടിക്കൂട്ടും കോണ്‍ഗ്രസ് ആള്‍ക്കൂട്ടവുമെന്ന് കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്

spot_img
spot_img

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. യു.ഡി.എഫ് തട്ടിക്കൂട്ട് സംവിധാനമാണെന്നും കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായി മാറിയെന്നും അഭിജിത്ത് പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി യു.ഡി.എഫ് സംവിധാനം പലയിടത്തും മാറിയിട്ടുമുണ്ട്. കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായതും തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളില്‍ ഒന്നാണെന്നും പരാജയത്തിന്റെ കാരണം ഏതെങ്കിലും വ്യക്തികളുടെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അഭിജിത്ത് പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദികള്‍ ഒന്നോ, രണ്ടോ ആളുകള്‍ മാത്രമല്ല കൂട്ടുത്തരവാദിത്വമുണ്ട്. അതിന് പരിഹാരം എന്തെന്ന് തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. ഉചിതമായ സമയം ഇതു കൂടിയാണ്. പറയാനുള്ള അഭിപ്രായങ്ങള്‍ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും അഭിജിത്ത് വ്യക്തമാക്കി.

അഭിജിത്തിന്റെ കൂരമ്പുകള്‍ ഇപ്രകാരം…

പതിനഞ്ചാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേരിട്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വജനപക്ഷപാതവും, അഴിമതികളും വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കാത്തതും, കഴിഞ്ഞ സര്‍ക്കാരില്‍ അഞ്ച് മന്ത്രിമാര്‍ രാജിവെക്കേണ്ടി വന്ന ക്യാബിനറ്റായിരുന്നുവെന്നതുള്‍പ്പടെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ യു.ഡി.എഫിന് സാധിക്കാതെ പോയതും, കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കോവിഡ് മഹാമാരിക്കിടയില്‍ മുഖ്യമന്ത്രിയുടെ ദിനംപ്രതിയുള്ള പത്രസമ്മേളനങ്ങളും, കിറ്റ് വിതരണവുമെല്ലാം ജനങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചതും, മതസാമുദായിക സംഘടനകളെ കൂടെ നിര്‍ത്താന്‍ സാധിച്ചതും, കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ സംഘപരിവാറിന്റെയുംബിജെപിയുടെയും പിന്തുണ ലഭിച്ചതുമൊകെ ഇടതുപക്ഷം വിജയിക്കാനുള്ള കാരണങ്ങളായി.

എന്നാല്‍ യു.ഡി.എഫിനും, കോണ്‍ഗ്രസ്സിനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചത് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുന്‍പ് മാത്രമാണ്. മറ്റുള്ളവര്‍ തിരെഞ്ഞെടുപ്പ് കമ്മിറ്റികള്‍ മാസങ്ങള്‍ക്കുമുന്‍പ് പ്രഖ്യാപിക്കുന്നിടത്താണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് ഓടേണ്ടി വന്നത്. യു.ഡി.എഫ് നേതാക്കള്‍ തിരെഞ്ഞെടുപ്പ് വരാനിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതും, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു കേരളത്തിലുടനീളം (ചില സ്ഥലങ്ങളില്‍ ഇതിന് അപവാദമുണ്ടാകാം).

തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി യു.ഡി.എഫ് സംവിധാനം പലയിടത്തും മാറിയിട്ടുമുണ്ട്. കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളില്‍ ഒന്നാണ് (പോഷക സംഘടനകളെ വേണ്ട രീതിയില്‍ സംഘടിപ്പിക്കപ്പെട്ടോ എന്നതും ചോദ്യമാണ് ഞാന്‍ ഉള്‍പ്പെടെ മറുപടി പറയാന്‍ ബാധ്യസ്ഥനുമാണ്). ഇനിയും ഒട്ടനവധി കാര്യങ്ങളുണ്ട്, പക്ഷേ ഇതെല്ലാമാണ് യു.ഡി.എഫ് പരാജയത്തിനു കാരണം എന്നിരിക്കെ ഏതെങ്കിലും ചില വ്യക്തികള്‍ക്കുമേല്‍ തിരെഞ്ഞെടുപ്പ് പരാജയം കെട്ടിവയ്ക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല.’

വിജയിച്ചിരിക്കുന്ന 21 കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും,ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 21 നിയമസഭാംഗങ്ങളും കോണ്‍ഗ്രസ്സിന്റെ ശബ്ദമായി നിയമസഭയ്ക്കകത്തുണ്ടാകുമെന്നതു തന്നെയാണ് പ്രതിസന്ധിഘട്ടത്തിലെ പ്രതീക്ഷയും.

നിയമസഭയ്ക്ക് പുറത്ത് കേരളത്തിലുടനീളം കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം ചലിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. കോണ്‍ഗ്രസ്സിനെ സംഘടനാ സംവിധാനത്തിലൂടെ തിരികെ കൊണ്ടു വന്നേ മതിയാകൂ. എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. ഏതെങ്കിലും വ്യക്തികളെ മാറ്റിയല്ല ഒന്നാകെയുള്ള മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. കെ.എസ്.യു പു:നസംഘടന ഉള്‍പ്പെടെ കൃത്യം രണ്ടു കൊല്ലത്തിനുശേഷം അഖിലേന്ത്യ കമ്മിറ്റിയോട് ആവശ്യപ്പെട്ട സമയത്ത് പല സംസ്ഥാനങ്ങളിലും പു:നസംഘടന നടക്കുന്നതുകൊണ്ട് മൂന്നു വര്‍ഷമാണ് കാലാവധി അതുവരെ തുടരാനാണ് നേതൃത്വം പറഞ്ഞിരുന്നത്.

മൂന്നുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിലേറെയായി രാജ്യമാകമാനം കോവിഡ് പ്രതിസന്ധിയാണ്, പു:നസംഘടന നടന്നിട്ടില്ല. ആ സമയത്താണ് ബ്ലോക്ക് കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള തീരുമാനം കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കൈക്കൊണ്ടത്. പല സഹപ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി ‘പ്രാദേശിക യൂണിറ്റ് രൂപീകരണമുള്‍പ്പെടെ’ നടപ്പിലാക്കിയപ്പോള്‍ ചിലര്‍ ഭാരവാഹിത്വത്തില്‍ ഇരുന്നിട്ടും ഇതൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു. ഭാരവാഹിത്വത്തില്‍ ഇരുന്ന് സംഘടനയോട് നീതിപുലര്‍ത്താന്‍ സാധിക്കാത്ത ഇടങ്ങളില്‍ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഞാനും.’

കോണ്‍ഗ്രസ്സിന്റെ ‘വിശാലമായ ഉള്‍പ്പാര്‍ട്ടിജനാധിപത്യം’ കൊണ്ട് പലപ്പോഴും പോഷക സംഘടനകളും സമ്പന്നമാണ്. ‘അത്തരം വിശാലമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്താല്‍ പലരും പലയിടങ്ങളിലും സംരക്ഷിക്കപ്പെട്ടു പോകാറുണ്ട്, തീരുമാനം എടുക്കേണ്ടവര്‍ എന്ന് മറ്റുള്ളവര്‍ കരുതുന്നവര്‍ നിസ്സഹായരാകാറുണ്ട് ‘ മാറ്റം വരേണ്ടത് അവിടെ കൂടിയാണ്. മാറ്റം അനിവാര്യമാണ്.

പരാജയത്തിന്റെ ഉത്തരവാദികള്‍ ഒന്നോ, രണ്ടോ ആളുകള്‍ മാത്രമല്ല കൂട്ടുത്തരവാദിത്വമുണ്ട്. അതിന് പരിഹാരം എന്തെന്ന് തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. ഉചിതമായ സമയം ഇതു കൂടിയാണ്. പറയാനുള്ള അഭിപ്രായങ്ങള്‍ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും ഈ പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെയൊന്നും പറയണമെന്ന് കരുതിയതല്ല സോഷ്യല്‍ മീഡിയയില്‍ അതിരുകവിഞ്ഞുള്ള അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്ര മാത്രം ഇവിടെ കുറിച്ചത്..!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments