ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ സുരേഷ് ഗോപി. എലിസബത്ത് രാജ്ഞിയുടെ വേര്‍പാടില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, രാജ്ഞിയെ നേരില്‍ കാണാനുള്ള അവസരം ഉണ്ടായതിനെ കുറിച്ചും വെളിപ്പെടുത്തി.
2017 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വെച്ച് എലിസബത്ത് രാജ്ഞിയെ നേരില്‍ കണ്ടുമുട്ടാനുള്ള അവസരമുണ്ടായെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചു. എലിസബത്ത് രാജ്ഞിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഒന്നാണ് 2017ലെ എലിസബത്ത് രാജ്ഞിയുമായുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടിക്കാഴ്ച. ആ ഓർമ്മയാണ് ഈ വേളയിൽ വീണ്ടും അനുസ്മരിക്കുന്നത്. ഇന്ത്യ- യുകെ സാംസ്കാരിക വർഷാഘോഷത്തിനായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്.
അന്നത്തെ കൂടിക്കാഴ്ചയിൽ ഇന്ത്യന്‍ സംഘത്തിലെ സാന്നിധ്യമായിരുന്നു സുരേഷ് ഗോപിയും കമല്‍ ഹാസ്സനും. അരുണ്‍ ജെയ്‌റ്റ്ലിയുടെ നേതൃത്വത്തില്‍ പ്രത്യേക അതിഥികളായി എത്തിയ ഇരുവര്‍ക്കും എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടി കാഴ്ചയ്ക്കുള്ള അവസരവും ലഭിച്ചിരുന്നു.
അന്ന് ഏറെ വാർത്തയായ ഒരു സംഭവമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ സുരേഷ് ഗോപിയുടെ കോട്ട്. എംപിയും നടനുമായ അദ്ദേഹം അന്നണിഞ്ഞ കാവി നിറത്തിലുള്ള ഒരു കോട്ടായിരുന്നു രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുരേഷ് ഗോപി അണിഞ്ഞിരുന്ന ആ കോട്ട് വളരെ നന്നായിരുന്നു എന്നാണ് രാജ്ഞി അന്ന് പ്രശംസിച്ചത്. അദ്ദേഹം ഏതു മണ്ഡലത്തിൽ നിന്നുള്ള എംപി ആണെന്നും അപ്പോൾ എലിസബത്ത് രാജ്ഞി തിരക്കിയിരുന്നു. അന്ന് സുരേഷ് ഗോപിക്ക് ലഭിച്ച രാജ്ഞിയുടെ പ്രശംസയെ കുറിച്ച് അദ്ദേഹം തന്നെയാണ് സന്തോഷപൂർവ്വം പങ്കുവെച്ചത്.