ഡബ്ലിന്‍: ഇസ്രായേലിന്റെ ഫലസ്തീന് അധിനിവേശ നയത്തില്‍ പ്രതിഷേധിച്ച് പുസ്തകത്തിന് ഹീബ്രു വിവര്‍ത്തനം നിരസിച്ച് പ്രമുഖ എഴുത്തുകാരി സാലി റൂണി. നേരത്തേയിറങ്ങിയ ‘നോര്‍മല്‍ പീപ്ള്‍’ എന്ന പുസ്തകം ഹീബ്രു ഉള്‍പെടെ 46 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. സമാനമായി അതിവേഗം ബെസ്റ്റ് സെല്ലറായി മാറിയ ‘ബ്യൂട്ടിഫുള്‍ വേള്‍ഡും’ നിരവധി ഭാഷകളില്‍ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ഹീബ്രുവില്‍ വേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍ പുസ്തകത്തിന്‍െറ വിവര്‍ത്തനം ഇറക്കിയ ‘മോഡാന്’ ആവശ്യവുമായി എത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഫലസ്തീനികള്‍ക്കുമേല്‍ തുടരുന്ന അധിനിവേശവും അടിച്ചമര്‍ത്തലും തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെതിരെ നിലപാട് സ്വീകരിച്ചത് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ വര്‍ഷാദ്യം ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇസ്രായേല്‍ ഫലസ്തീനില്‍ അപാര്‍തീഡ് ആണ് തുടരുന്നതെന്നും കൊടിയ മര്‍ദന നയമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേലിനെതിരെ കടുത്ത പ്രക്ഷോഭവുമായി രംഗത്തുള്ള ‘ബോയ്കോട്ട്, ഡൈവസ്റ്റ്മെന്റ്, സാങ്ഷന്‍സ് മൂവ്മെന്റ് (ബി.ഡി.എസ്)’ കാമ്പയിനില്‍ ഇവരും അംഗമാണ്. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ മേയില്‍ ഇസ്രായേല്‍ വംശവെറിക്കെതിരെ തുറന്നകത്തില് ഇവര്‍ ഒപ്പുവെച്ചിരുന്നു.
സെപ്റ്റംബറില്‍ വിപണിയിലെത്തിയ ബ്യൂട്ടിഫുള്‍ വേള്‍ഡ് യു.കെയില്‍ ഏറെയായി ബെസ്റ്റ് സെല്ലറാണ്. ഇറങ്ങിയ ആദ്യ അഞ്ചുദിവസത്തിനിടെ 40,000 പ്രതികളാണ് ഇത് വിറ്റഴിഞ്ഞത്. സാലി റൂണിക്ക് മുമ്പ് സമാനമായി പുലിറ്റ്സര്‍ ജേതാവ് ആലിസ് വാക്കറുടെ ‘കളര്‍ പര്പിളും’ ഹീബ്രുവില്‍ ഇറക്കുന്നതിന് വിസമ്മതിച്ചിരുന്നു.