തിരുവനന്തപുരം: മണത്തക്കാളി ഇലയില്‍നിന്നു വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്- ബി എന്ന തന്മാത്ര കരള്‍ രോഗത്തിന് ഫലപ്രദമാണെന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി)യുടെ ഗവേഷണത്തിന് അമേരിക്കന്‍ അംഗീകാരം.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനാണ് അംഗീകാരം നല്‍കിയത്.
കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണുന്ന കുറ്റിച്ചെടിയാണ് മണത്തക്കാളി. പ്രകൃതി ചികിത്സയിലും നാട്ടുവൈദ്യ ചികിത്സയിലും വ്യാപകമായി ഉപയോഗിക്കുന്ന ചെടിയാണിത്.
വഴുതിന വര്‍ഗത്തില്‍ പെട്ടതാണ്. നാലടിയോളം ഉയരം വരും. പൂക്കള്‍ ചെറുതും വെളുത്തതുമാണ്. കായ പഴുക്കുന്‌പോള്‍ ചുവപ്പും നീല കലര്‍ന്ന നിറത്തിലുമുള്ള ഇനങ്ങളുണ്ട്. പഴുക്കുന്‌പോള്‍ കയ്പ് നിറഞ്ഞ മധുരമാണ്. സോലാനം നിഗം എന്നാണ് ശാസ്ത്രീയ നാമം.
ആര്‍ജിസിബിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോയും വിദ്യാര്‍ഥിനിയായ ഡോ. ലക്ഷ്മി നാഥും ചേര്‍ന്ന് ചെടിയുടെ ഇലകളില്‍നിന്ന് തന്മാത്ര വേര്‍തിരിച്ചെടുക്കുകയായിരുന്നു. പേറ്റന്റ് നേടിയ ഈ ഉത്പന്നം അമേരിക്കന്‍ മരുന്നുകന്പനിയായ ക്യൂബയോക്‌സ് വാങ്ങി. അമേരിക്ക, കാനഡ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്ക ഈ പേറ്റന്റ് അനുവദിച്ചിട്ടുണ്ട്.