ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ അര്‍ബുദ രോഗ ബാധിതരുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനയുണ്ടാകാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളുടെ കൂടിയ ആയുര്‍ദൈര്‍ഘ്യമാണ് അര്‍ബുദ കേസുകളുടെ എണ്ണമുയരുന്നതിന് പിന്നിലുള്ള പ്രധാനകാരണം.
പുരുഷന്മാരിലാണ് (52.4 ശതമാനം) സ്ത്രീകളെ(47.4 ശതമാനം) അപേക്ഷിച്ച് കാന്‍സര്‍ രോഗ സാധ്യത കൂടുതലെന്ന് ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണം പുരുഷന്മാരിലെ പുകയില ഉപയോഗമാണ്. പുരുഷന്മാരിലെ അര്‍ബുദ രോഗ കേസുകളില്‍ 48.7 ശതമാനവും പുകയില ഉപയോഗം മൂലമാണ്. സ്ത്രീകളില്‍ ഇത് 16.5 ശതമാനം മാത്രമാണ്.
പുകയിലയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ അര്‍ബുദ കേസുകളുടെ എണ്ണം 2025ല്‍ 4,27,273 ആയിരിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടും പ്രവചിക്കുന്നു. ഇത് ഇന്ത്യയിലെ ആകെ അര്‍ബുദ കേസുകളുടെ 27.2 ശതമാനമായിരിക്കും.
അര്‍ബുദത്തിന് കാരണമാകുന്ന 69 ഘടകങ്ങളുള്ള പുകയിലയുടെ ഉപയോഗം യുവാക്കളില്‍ പടരുന്നതാണ് ഇന്ത്യയുടെ അര്‍ബുദ കേസുകളുടെ വര്‍ധനയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. പുകയില ഉപയോഗം നിര്‍ത്തുന്നത് രാജ്യത്തെ അര്‍ബുദ കേസുകള്‍ 25 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും പുകയിലയും ഗുഡ്കയുമാണ് ഇന്ത്യയിലെ 27 ശതമാനം അര്‍ബുദകേസുകള്‍ക്ക് പിന്നിലെന്നും മുംബൈ പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് മുരാദ് ഇ.ലാലയും പറയുന്നു.
പുകയിലയ്ക്ക് പുറമേ മദ്യപാനവും അമിതവണ്ണവും അലസമായ ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും ഇന്ത്യയിലെ അര്‍ബുദ രോഗ വര്‍ധനവിന് പിന്നിലുണ്ട്. ജനങ്ങളുടെ പൊതുവേയുള്ള ജീവിതസാഹചര്യം വര്‍ധിച്ചത് പലരെയും അലസമായ ജീവിശൈലിയിലേക്ക് നയിക്കുന്നു.
അമിത വണ്ണവുമായി ബന്ധപ്പെട്ടുളള ആറു തരം അര്‍ബുദങ്ങള്‍ 50 വയസ്സിന് താഴെയുള്ളവരിലും പതിയെ ഉയരുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പലതും രോഗം വളരെ പുരോഗമിച്ച ശേഷം തിരിച്ചറിയപ്പെടുന്നതിനാല്‍ ചികിത്സ ബുദ്ധിമുട്ടാകുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ അര്‍ബുദവും വര്‍ധിച്ചു വരികയാണെന്ന് ഐസിഎംആര്‍ പറയുന്നു. ആകെ അര്‍ബുദ കേസുകളില്‍ 7.9 ശതമാനവും കുട്ടികളിലെ അര്‍ബുദമാണ്.