പി.പി ചെറിയാൻ
ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു.
46 വയസ്സുള്ള ഒരു മദ്ധ്യവയ്‌സ്‌ക്കനാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഡാളസ് കൗണ്ടിയിലെ എല്ലാവരും എത്രയും വേഗം ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.ഫിലിഫ് ഹുവാംഗ് ആവശ്യപ്പെട്ടു. കോവിഡ് വൈറസ് പോലെ തന്നെ ഇന്‍ഫ്‌ളുവന്‍സാ വൈറസിനേയും ഗൗരവമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കോവിഡ് വാക്‌സിനോടൊപ്പമോ, ബൂസ്റ്റര്‍ ഡോസിനോടൊപ്പമോ ഫ്‌ളു വാക്‌സിന്‍ എടുക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫ്‌ളൂ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിന് മാസ്‌ക് ധരിച്ചതായിരിക്കാം ഇതിന് കാരണമെന്നും, മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ജനം തയ്യാറായിരുന്നുവെന്നതും ഫ്‌ളൂ പടര്‍ന്നു പിടിക്കുന്നത് തടഞ്ഞുവെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. ഈ വര്‍ഷം കോവിഡ് പ്രോട്ടോകോള്‍ നിലവില്ലാത്തതിനാല്‍ ഫ്‌ളൂ വ്യാപനം വര്‍ദ്ധിക്കുവാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.