ദുബായ്: 120 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ദുബായിലെ പതിനാറുകാരി മലയാളി ഗായിക സുചേത സതീഷ് തന്റെ ആദ്യ മുഴുനീള സംഗീത പരിപാടിയിലൂടെ വീണ്ടും ജനശ്രദ്ധ നേടി. പ്ലേഫീല്‍ഡ് എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിച്ച സംഗീതനിശ ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
മാതൃഭാഷയായ മലയാളത്തില്‍ കൂടാതെ അറബിക്, സ്പാനിഷ്, ടര്‍ക്കിഷ്, സുലു എന്നീ ഭാഷകളിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും സുചേത ഗാനങ്ങള്‍ ആലപിച്ചു. വിവിധ ഭാഷക്കാരായആസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന പരിപാടിയായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ട സംഗീതസന്ധ്യ.
ആദ്യം പാടിയ ലതാ മങ്കേഷ്‌കര്‍ ഗാനം മുതല്‍ പി. സുശീലക്കുള്ള ശ്രദ്ധാഞ്ജലി തമിഴ്, പഞ്ചാബി, ഗുജറാത്തി ഗാനങ്ങളിലൂടെ സമ്മാനിച്ചു. ദേശീയദിനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന യുഎഇക്ക് സമര്‍പ്പിച്ച അറബിക്കിലുള്ള സ്തുതിഗീതത്തെ തുടര്‍ന്ന് ഇത്രത്തോളം മനോഹരമായ ഒരു സായാഹ്നം മറ്റൊന്നില്ല എന്ന അര്‍ഥം വരുന്ന, ‘റോസ് ഷാം ആതി ഥി’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനവും ആലപിച്ചു സംഗീത നിശയ്ക്ക് തിരശ്ശീലയിട്ടു.
ഇതിനിടയില്‍ സദസ്സില്‍ നിന്നാവശ്യപ്പെട്ടതനുസരിച്ച് ബെലാറൂസ് ഗാനവും പാടി. വിദഗ്ധരായ ഏഴു സംഗീതജ്ഞര്‍ ഗാനസന്ധ്യക്കു പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 132 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന സുചേത സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു.