24 പേജുള്ള കത്തെഴുതിവെച്ച് ജീവനൊടുക്കിയ യുവാവിന്റെ ഭാര്യ കേസുകളൊഴിവാക്കാന്‍ മൂന്ന് കോടി രൂപയും മകനെ കാണാന്‍ 30 ലക്ഷം രൂപയും ആവശ്യപ്പെട്ടതായി സഹോദരന് ആരോപിച്ചു. ബംഗളൂരുവിലെ ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായ ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതുലിന്റെ ഭാര്യയ്ക്കും അവരുടെ കുടുംബത്തിനുമെതിരേ അതുലിന്റെ സഹോദരന് ബികാസ് കുമാര്‍ തിങ്കളാഴ്ച പോലീസില്‍ പരാതി നല്കി. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരന് അനുരാഗ്, അമ്മാവന് സുശീല്‍ എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മാറത്തഹള്ളി പോലീസ് കേസെടുത്തു. ഭാര്യയില്‍നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നുമുള്ള നിരന്തരമായ പീഡനങ്ങളും പണം ആവശ്യപ്പെട്ടതും സുഭാഷിനെ മരണത്തിലേക്ക് തള്ളിവിട്ടതായി കുമാര്‍ പരാതിയില്‍ ആരോപിച്ചു.
2019ലായിരുന്നു അതുലും സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ നികിതയും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. കൊലപാതകം, സ്ത്രീധനപീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് നികിത അതുലിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചില കേസുകളില്‍ അതുലിന്റെ മാതാപിതാക്കളും പ്രതികളാണ്.
24 പേജുള്ള മരണക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്. മരണക്കുറിപ്പില്‍ താന്‍ നേരിട്ട ദുരനുഭവം അതുൽ വിവരിച്ചിരുന്നു. നീതി നിഷേധിക്കപ്പെട്ടുവെന്ന് എഴുതിയ ഒരു ബോര്‍ഡ് കഴുത്തില്‍ തൂക്കി 81 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു കുടുംബകോടതിയിലെ ജഡ്ജി ഭാര്യക്കും അവരുടെ വീട്ടുകാര്‍ക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചുവെന്നും തനിക്കെതിരേ അഴിമതിക്കുറ്റം ആരോപിച്ചുവെന്നും അതുല്‍ ആരോപിച്ചു.
‘‘കേസുകള്‍ നല്‍കിയതോടെ തന്റെ സഹോദരന് മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. ഭാര്യവീട്ടുകാര്‍ അദ്ദേഹത്തെ നിരന്തരം പരിഹസിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെങ്കില്‍ പോയി മരിക്കാന്‍ പറയുകയും ചെയ്തു,’’ കുമാര്‍ പരാതിയില്‍ ആരോപിച്ചു.
തനിക്കെതിരേ കേസുകള്‍ കുമിഞ്ഞു കൂടിയതോടെ സഹോദരന് വിഷമത്തിലായെന്ന് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘‘കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ബംഗളൂരുവില്‍നിന്ന് ജൗന്‍പൂരിലേക്കും തിരിച്ചും 40 തവണയെങ്കിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം നികിത വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയും പിന്നീട് അതുലിനെയും ഞങ്ങളുടെ കുടുംബത്തെയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്കു വേണ്ടിയുള്ളതാണ്, പുരുഷന്മാര്ക്കുള്ളതല്ല. നീതിക്കായി ഞാന്‍ പോരാടും. അതിലൂടെ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കും,’’ ബികാസ് കുമാര്‍ പറഞ്ഞു.
തന്റെ മൃതദേഹം കാണുന്നതില്‍നിന്ന് ഭാര്യയെയും ഭാര്യാ വീട്ടുകാരെയും തടയണമെന്ന് മരണക്കുറിപ്പില്‍ അധികാരികളോട് സുഭാഷ് അഭ്യര്‍ത്ഥിച്ചിരുന്നു. നീതി ലഭിക്കും വരെ തന്റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭാര്യയും അവരുടെ ബന്ധുക്കളും സ്വതന്ത്രരായി നടന്നാല്‍ തന്റെ ചിതാഭസ്മം കോടതിക്ക് സമീപമുള്ള ഓവുചാലില്‍ ഇടാനും ഈ രാജ്യത്ത് ജീവന്റെ വില എന്താണെന്ന് മനസ്സിലാക്കട്ടെയെന്നും അതുല്‍ മരണക്കുറിപ്പില്‍ എഴുതിയതായി പോലീസ് പറഞ്ഞു. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാന്‍ കഴിയാത്തതില്‍ അതുല്‍ കത്തില്‍ ക്ഷമാപണം നടത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.