2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തും. 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ.
2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. 2034ലെ ലോകകപ്പ് നടത്താൻ സന്നദ്ധതയറിയിച്ച് സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
രാജ്യാന്തര തലത്തിൽ കായിക മേഖലയിൽ സജീവമാകുക എന്ന ലക്ഷ്യത്തോടെ 2027 ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനും 2034 ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ലോകകപ്പിന്റെ ഭാഗമായി നടത്തുന്ന പ്രദർശന മത്സരങ്ങൾക്ക് അർജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 1930ൽ ആദ്യ ഫിഫ ലോകകപ്പ് നടന്നതിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രദർശന മത്സരങ്ങൾ നടക്കുക.