Thursday, December 19, 2024

HomeWorldഡിംഗാ ഡിംഗാ: കടുത്ത പനിയും ശരീരം വിറച്ചു തുള്ളുന്ന അവസ്ഥയും; ഉഗാണ്ടയില്‍ പടരുന്ന രോഗം

ഡിംഗാ ഡിംഗാ: കടുത്ത പനിയും ശരീരം വിറച്ചു തുള്ളുന്ന അവസ്ഥയും; ഉഗാണ്ടയില്‍ പടരുന്ന രോഗം

spot_img
spot_img

വിചിത്രമായ രോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. പനിയും അസാധാരണമായ വിധത്തില്‍ ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് പേര്‍ രോഗബാധിതരായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രാദേശിക ഭാഷയില്‍ ‘നൃത്തം ചെയ്യുന്നത് പോലെ കുലുങ്ങുക’ എന്ന അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്ന പേരാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്നത്. രോഗം ബാധിച്ചവർക്ക് ശരീരം അനിയന്ത്രിതമായ വിധത്തില്‍ വിറച്ച് തുള്ളുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

ഈ രോഗം ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉഗാണ്ടയില്‍ രോഗം അതിവേഗത്തിലാണ് പടരുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധികൃതര്‍ രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഡിംഗ ഡിംഗ’യുടെ ലക്ഷണങ്ങള്‍

ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം പലതരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. നൃത്തം ചെയ്യുന്നത് പോലെയുള്ള ചലനങ്ങളുമായി സാമ്യമുള്ള അമിതമായ രീതിയില്‍ ശരീരം കുലുങ്ങുന്നതാണ് ലക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. കൂടാതെ, കടുത്ത പനി, ശരീരത്തിന് ബലക്ഷയം, ചില സന്ദര്‍ഭങ്ങളില്‍ പക്ഷാഘാതം എന്നിവയും രോഗികള്‍ക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശരീരം അനിയന്ത്രിതമായ രീതിയില്‍ കുലുങ്ങുന്നതിനാല്‍ രോഗികള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. പക്ഷാഘാതം അനുഭവപ്പെട്ട രോഗികള്‍ക്ക് പോലും ശരീരം അനിയന്ത്രിതമായി കുലുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പക്ഷാഘാതം അനുഭവപ്പെട്ടിട്ടും തന്റെ ശരീരം അനിയന്ത്രിതമായി കുലുങ്ങുന്നതായി പേഷ്യന്‍സ് കടുംസൈ എന്ന രോഗികളിലൊരാള്‍ പറഞ്ഞു.

‘‘എന്റെ ശരീരത്തില്‍ ബലക്ഷയം അനുഭവപ്പെടുകയും തളര്‍വാതം പിടിപെടുകയും ചെയ്തു. നടക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം എന്റെ ശരീരം അനിയന്ത്രിതമായി വിറച്ചു,’’ 18 കാരിയായ രോഗി പറഞ്ഞു. ‘‘വളരെ അസ്വസ്ഥതകള്‍ നിറഞ്ഞ അവസ്ഥയായിരുന്നു അപ്പോള്‍. ചികിത്സയ്ക്കായി ബുണ്ടിബുഗ്യോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ എനിക്ക് നല്ല സുഖമുണ്ട്,’’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ബുണ്ടിബുഗ്യോയില്‍ ഇതിനോടകം 300 പേരെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2023ന്റെ തുടക്കത്തിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, രോഗം പിടിപെടാനുള്ള കാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ലാബോറട്ടറികള്‍. കൂടുതല്‍ വിശകലനത്തിനായി സാമ്പിളുകള്‍ ഉഗാണ്ടയുടെ ആരോഗ്യമന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്.

ഉഗാണ്ടയിലും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പുതിയ എംപോക്‌സ് ബാധ റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത്യന്തം മാരകമായ ക്ലേഡ് 1ബി(Clade 1b) വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിലും യൂറോപ്പിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിംഗ ഡംഗയ്ക്കുള്ള ചികിത്സ

ആന്റിബയോട്ടിക്കുകള്‍ ആണ് പ്രധാനമായും രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി നല്‍കുന്നത്. ചിലര്‍ പച്ചമരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇത് പാടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പച്ചമരുന്നുകള്‍ ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ തേടണമെന്ന് രോഗികളോട് അവര്‍ അഭ്യര്‍ഥിക്കുന്നു

റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍, കൂടുതല്‍ വിശകലനം നടത്തുന്നത് ഈ ദുരൂഹരോഗത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകരും ആരോഗ്യവിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതേസമയം, രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും പുതിയ കേസുകള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഉഗാണ്ടയുടെ അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മറ്റൊരു നിഗൂഡ രോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ ‘ഡിസീസ് എക്‌സ്’ എന്നാണ് ആഫ്രിക്കന്‍ സെന്റേഴ് ഓഫ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിളിക്കുന്നത്.

ഒക്ടോബര്‍ അവസാനം മുതല്‍ കോംഗോയിലെ പ്രവിശ്യയിലെ പാന്‍സി ഹെല്‍ത്ത് സോണില്‍ ഡിആര്‍സിയില്‍ 406 പേര്‍ക്ക് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ 79 പേര്‍ ഈ രോഗം ബാധിച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
പനി, തലവേദന, ചുമ, ശരീരവേദന, ശ്വാസതടസ്സം, മൂക്കൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. പോഷകാഹാരക്കുറവും വിളര്‍ച്ചയും ബാധിച്ചവരിലാണ് രോഗം ഗുരുതരമാകുന്നത്.

അജ്ഞാത രോഗം കണ്ടെത്തുന്നതിന് പരിശോധനകള്‍ നടന്നുവരികയാണ്. ന്യുമോണിയ, മലേറിയ, അഞ്ചാംപനി, കോവിഡ് 19 തുടങ്ങിയ രോഗങ്ങളാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. വായുവിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments