ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ ആറാമത്തെ വികാരിയും, ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെ. സെബാസ്റ്റ്യന്‍സ് മിഷന്റെ രണ്ടാമത്തെ ഡയറക്ടറൂമായി ജൂണ്‍ 1 നു ചുമതലയേറ്റ റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന് ഇടവകജനങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി.
ജൂണ്‍ 6 ഞായറാഴ്ച്ച ബഹുമാനപ്പെട്ട കുര്യാക്കോസച്ചനെ ദേവാലയകവാടത്തില്‍ കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പാരിഷ് കൗണ്‍സില്‍, ഭക്തസംഘടനകള്‍, മതാദ്ധ്യാപകര്‍, ഇടവകകാംഗങ്ങള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ദിവ്യബലിയര്‍പ്പണത്തിനായി അച്ചനെ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, അള്‍ത്താര ശുശ്രൂഷികളും മദ്ബഹായിലേക്ക് ആനയിച്ച് കൈക്കാരന്മാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ഇടവകയുടെ ഹാര്‍ദ്ദമായ സ്വാഗതം കൈക്കാരന്മാരായ പോളച്ചന്‍ വറീദും, ബിനു പോളും ആശംസിക്കുകയും, അച്ചന്റെ പുതിയ അജപാലനദൗത്യത്തിന് എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു.
മാനന്തവാടി രൂപതയ്ക്കുവേണ്ടി 1986 മെയ് 13 ന് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ പനമരം കല്ലുവയല്‍ സെ. മേരീസ് ഇടവകാംഗമാണ്. 9 സഹോദരങ്ങളില്‍ ബനഡിക്ടൈന്‍ സഭാംഗമായ ജ്യേഷ്ഠസഹോദരന്‍ ഫാ. ജയിംസ് കുമ്പക്കീല്‍ ഒ. എസ്. ബി ഇന്‍ഡ്യാനയില്‍ 13 വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന. മറ്റു സഹോദരങ്ങള്‍ നാട്ടില്‍ തന്നെ. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.
മാനന്തവാടിരൂപതയിലെ 8 സീറോമലബാര്‍ ദേവാലയങ്ങളില്‍ 25 വര്‍ഷങ്ങളോളം വികാരിയായി സേവനമനുഷ്ഠിച്ചശേഷം ഷിക്കാഗോ സീറോമലബാര്‍ രൂപതാ സേവനത്തിനായി 2011 ല്‍ അമേരിക്കയിലെത്തിയ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഷിക്കാഗോ സീറോമലബാര്‍ രൂപതാ കാര്യാലയം, ഒക്കലഹോമാ ഹോളി ഫാമിലി, മയാമി കൊറല്‍ സ്പ്രിംഗ്‌സിലുള്ള (ഫോര്‍ട്ട് ലോഡര്‍ഡെയില്‍) ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്, കാലിഫോര്‍ണിയ സാന്‍ ബര്‍ണാഡിനോയിലുള്ള സെ. അല്‍ഫോന്‍സാ എന്നീ സീറോമലബാര്‍ ഇടവകദേവാലയങ്ങളില്‍ വികാരിയായി 10 വര്‍ഷത്തെ സേവനത്തിനു ശേഷമാണിപ്പോള്‍ ഫിലാഡല്‍ഫിയ ഇടവകയുടെ പുതിയ വികാരിയായി ചാര്‍ജെടുത്തിരിക്കുന്നത്. കുമ്പക്കീലച്ചന്റെ മൂന്നരദശാബ്ദക്കാലത്തെ പൗരോഹിത്യജീവിതത്തിലെ പന്ത്രണ്ടാമത്തെ ഇടവകയാണു ഫിലാഡല്‍ഫിയ; യു. എസിലെ നാലാമത്തേതും.
തന്റെ മറുപടി പ്രസംഗത്തില്‍ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ തനിക്ക് മുന്‍പു ഫിലാഡല്‍ഫിയ ഇടവകയില്‍ സേവനം ചെയ്ത ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നീ വികാരിമാരെയും, 2005 ല്‍ ഇടവകയാക്കുന്നതിനുമുന്‍പു രണ്ടുപതിറ്റാണ്ടോളം ഫിലാഡല്‍ഫിയ സീറോ മലബാര്‍ മിഷനില്‍ നിസ്വാര്‍ത്ഥസേവനം ചെയ്ത സി. എം. ഐ. സഭാ വൈദികരെയും മറ്റ് അല്മായനേതാക്കളെയും നന്ദിയോടെ അനുസ്മരിച്ചു.
ഫോട്ടോ: ജോസ് തോമസ്
