മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: ജൂണ്‍ 22 ന് നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥി എറിക് ആദംസിനു പിന്തുണയുമായി മലയാളീ സമൂഹം. സിറ്റി മേയര്‍ സ്ഥാനാര്‍ഥി എറിക്കിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം അംഗവും മലയാളിയുമായ ഡോ. ബിന്ദു ബാബുവിന്‍റെ നേതൃത്വത്തില്‍ ക്വീന്‍സ് യൂണിയന്‍ ടേണ്‍പൈക്കിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ നടത്തിയ ഫണ്ട് റെയിസിംഗ് ഡിന്നറിനു വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും ബിസിനെസ്സ്കാരും പങ്കെടുത്തു.
എറിക്കിനു വേണ്ടി മലയാളികള്‍ നടത്തുന്ന നാലാമത് ഫണ്ട് റെയിസിംഗ് പരിപാടിയാണ് കഴിഞ്ഞ ദിവസം നടത്തപ്പെട്ടത്. മലയാളി സെനറ്റര്‍ കെവിന്‍ തോമസിനു വേണ്ടി ക്യാമ്പയിന്‍ ടീം അംഗങ്ങളായി പ്രവര്‍ത്തിച്ച അജിത് കൊച്ചുകുടിയില്‍ എബ്രഹാം, ബിജു ചാക്കോ എന്നിവരും ഡോ. ബിന്ദുവിനൊപ്പം പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.
പതിനെട്ടാമത് ബ്രൂക്ലിന്‍ ബറോ പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എറിക് ആദംസ് രണ്ടു പതിറ്റാണ്ടോളം ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ടിച്ചു ക്യാപ്റ്റന്‍ പദവിയില്‍നിന്നും വിരമിച്ച ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വ്യക്തിയാണ്.
2006 മുതല്‍ 2013 വരെ നാല് തവണ ബ്രൂക്ലിന്‍ ഡിസ്ട്രിക്ട് 20 ല്‍ നിന്നും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ആയിരുന്ന എറിക് പിന്നീട് 2013 ലും 2017 ലും ബ്രൂക്ലിന്‍ ബറോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനാണ്. ക്രിമിനല്‍ ജസ്റ്റീസില്‍ ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദവും ഉള്ള എറിക് നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ്.
മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ എട്ടു പേര്‍ മത്സരിക്കുന്നുണ്ടെങ്കിലും എറിക്കിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണയുള്ളതു എന്നാണു സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയുടെ സമഗ്ര വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ മേഖലയിലും അവശ്യ സേവന മേഖലയിലും ഊന്നല്‍ നല്‍കുന്നതിനും മറ്റുമാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നു എറിക് യോഗത്തില്‍ പ്രസ്താവിച്ചു.
സിറ്റിയിലെ ആരോഗ്യ മെഖലയിലും സിറ്റി ട്രാന്‍സിറ്റ് പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളിലും മലയാളികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നു എന്നും മലയാളി സമൂഹം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പ്രധാന ഘടകം ആണെന്നും പങ്കെടുത്ത സംഘടന നേതാക്കള്‍ എറിക്കിനെ ധരിപ്പിച്ചു.
മലയാളികളുടെ എല്ലാ പിന്തുണയും മേയര്‍ സ്ഥാനാര്‍ഥിയായ എറിക്കിന് ഉണ്ടെന്നും പങ്കെടുത്തവര്‍ പറഞ്ഞു. സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച ലിജു തോട്ടത്തില്‍, ഫൈനാന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ജോഷുവ മാത്യു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന്റെ സംഘാടകരില്‍ ഒരാളും നാസ്സോ കൗണ്ടി ഹെല്‍ത് കെയര്‍ കോര്‍പ്പറേഷന്റെ ഭാഗമായ നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിന്റെ (എന്‍. യു. എം. സി.) ഡയക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയുമായ അജിത് കൊച്ചുകുടിയില്‍ എബ്രഹാം (അജിത് കൊച്ചൂസ്) പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഇപ്പോള്‍ മലയാളി മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നു ഉടമസ്ഥരായ തോമസ് കോലടി, ജെയിംസ് മാത്യു എന്നിവര്‍ അറിയിച്ചു.

