ഹൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷനുകള്‍ നടത്തുന്ന സംഘടന, രണ്ടാം തവണയും അതിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിവരികയാണ്.
നേരിട്ടുള്ള കൂടിവരവുകള്‍ ആരോഗ്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഒരു നൂറ്റാണ്ടുകാലമായി പിന്തുടര്‍ന്നുപോരുന്ന രീതിയില്‍ നിന്ന് ഒരു ചുവടുമാറ്റം നടത്തിയത്. അതോടെ 240 ദേശങ്ങളിലായി നടത്താനിരുന്ന 6,000-ത്തോളം കണ്‍വന്‍ഷനുകളും റദ്ദാക്കി.
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രദേശത്തെ വേനല്‍ക്കാലത്ത്, ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയവും റോസെന്‍ബര്‍ഗിലെ യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളും ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടക്കുന്ന അവസരങ്ങളില്‍, അവര്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തുന്നതും ഹോട്ടലുകളും റെസ്റ്റോറന്റുകളുമൊക്കെ ‘കയ്യടക്കുന്നതും’ വര്‍ഷങ്ങളായി ഇവിടുത്തെ ഒരു പതിവു കാഴ്ചയായിരുന്നു.
കാലങ്ങളായുള്ള ആ രീതിക്കേറ്റ ഒരു അപ്രതീക്ഷിത പ്രഹരമായിരുന്നു മഹാമാരി. അതുകൊണ്ടാണ് 2020 മുതല്‍ ലോകമെമ്പാടുമുള്ള കണ്‍വന്‍ഷനുകള്‍ റദ്ദാക്കാനും ആഗോളതലത്തില്‍ ഒരു വെര്‍ച്ച്വല്‍ സംവിധാനത്തിലൂടെ കണ്‍വന്‍ഷന്‍ നടത്താനും ഈ അന്തര്‍ദേശീയ മതസംഘടന തീരുമാനമെടുത്തത്.
1897 മുതല്‍ ലോകത്തിന്റെ പലയിടങ്ങളിലുമുള്ള സ്‌റ്റേഡിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളിലും തിയേറ്ററുകളിലുമൊക്കെ കണ്‍വന്‍ഷനുകള്‍ നടത്തിയിട്ടുള്ള യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്.
”വിശ്വാസത്താല്‍ ശക്തരാകുക..!” എന്നതാണ് 2021-ലെ ഈ ആഗോള പരിപാടിയുടെ വിഷയം. 2021 ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള ആറു വാരാന്തങ്ങളിലായി 500-ലധികം ഭാഷകളില്‍ ലോകമെമ്പാടുമുള്ള കുടുംബങ്ങളിലേക്ക് ഈ പരിപാടി കടന്നുചെല്ലുന്നു.
240 രാജ്യങ്ങളിലായുള്ള 1.5-2 കോടിയിലധികം ആളുകളെ ഇത് ഒരൊറ്റ കുടക്കീഴിലാക്കും. കണ്‍വന്‍ഷന്‍ നടക്കുന്നത് സാധാരണഗതിയില്‍ വെള്ളി മുതല്‍ ഞായര്‍ വരെയാണ്. അതുകൊണ്ട്, രാവിലെയും ഉച്ചകഴിഞ്ഞും ഉള്ള പരിപാടികള്‍ എന്ന കണക്കില്‍ മൊത്തം ആറു വിഭാഗങ്ങളായിട്ടായിരിക്കും ഇതു ലഭ്യമാകുക. ”വെള്ളി”യാഴ്ച രാവിലത്തെ പരിപാടികള്‍ 2021 ജൂണ്‍ 28 മുതല്‍ സൈറ്റില്‍ നിന്നു നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ ഡൗണ്‍ലോഡു ചെയ്യാം.
നേരിട്ടു കൂടിവരുമ്പോഴുള്ള ആ ഒരനുഭവം കിട്ടില്ലെങ്കിലും വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള പരിപാടിക്കായി താന്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് യഹോവയുടെ സാക്ഷികളുടെ ഹൂസ്റ്റണിലെയും റോസെന്‍ബര്‍ഗിലെയും കണ്‍വന്‍ഷനുകള്‍ ഏകോപിപ്പിക്കുന്നതില്‍ സഹായിച്ചിട്ടുള്ള ഹൈമേ അലാനിസ് പറയുന്നു.
അദ്ദേഹം തുടരുന്നു: ”യാതൊരു തടസ്സവുമില്ലാതെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിലിരുന്നുകൊണ്ട് പരിപാടി ആസ്വദിക്കാനുള്ള അവസരത്തെ ഞാന്‍ ശരിക്കും വിലമതിക്കുന്നു. പരിപാടി ഇടയ്ക്കുവെച്ച് നിര്‍ത്താനും പുറകോട്ടുപോയി കാണാനുമൊക്കെ സൗകര്യമുള്ളതുകൊണ്ട് വിവരങ്ങള്‍ ഒട്ടും നഷ്ടമാകില്ലല്ലോ.”
വെര്‍ച്ച്വല്‍ കണ്‍വന്‍ഷനിലൂടെ തക്കസമയത്തു കിട്ടുന്ന സഹായത്തോട് വിലമതിപ്പുള്ള ഒരാളാണ് ഹൂസ്റ്റണിലുള്ള ഹൊസെ റോസാസ്. ”സ്‌നേഹപുരസ്സരമായ ഈ കരുതല്‍ ഞങ്ങള്‍ക്കൊരു സംരക്ഷണമാണ്, ആവശ്യമായ പ്രോത്സാഹനം നല്‍കി അത് ഞങ്ങളെയെല്ലാം കരുത്തുറ്റവരാക്കും,” അദ്ദേഹം പറയുന്നു.
ലോകമെമ്പാടുമുള്ള പട്ടണങ്ങളില്‍ ആയിരക്കണക്കിനാളുകളെ കൂട്ടിവരുത്തുന്നതില്‍ നിലവിലുള്ള വെല്ലുവിളികളാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒരു വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലേക്കു മാറാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. എങ്കിലും, ഈ മാറ്റം വാര്‍ഷിക പരിപാടിയോടുള്ള ഉത്സാഹത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല.
ചരിത്രപ്രാധാന്യമുള്ള ഈ പരിപാടിയില്‍ തങ്ങളോടൊപ്പം ചേരാന്‍ സാക്ഷികളുടെ ലോകമെമ്പാടുമുള്ള സഭകള്‍ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.
”മഹാമാരിയുടെ സമയത്തുപോലും തഴച്ചുവളരാന്‍ ഞങ്ങളുടെ സഹോദരസമൂഹത്തെ സഹായിച്ചത് വിശ്വാസമാണ്.” യഹോവയുടെ സാക്ഷികളുടെ ഒരു വക്താവായ റോബര്‍ട്ട് ഹെന്‍ഡ്രിക്‌സ് പറയുന്നു. ”ശക്തിപകരുന്ന, പ്രചോദനമേകുന്ന ഈ ആത്മീയ പരിപാടി ആസ്വദിക്കാനായി ലോകമെമ്പാടുമുള്ള ദശലക്ഷങ്ങള്‍ വെര്‍ച്ച്വല്‍ സംവിധാനത്തിലൂടെ സ്വാകാര്യഭവനങ്ങളിലായി കൂടിവരുമ്പോള്‍, ഞങ്ങളുടെ ആരാധനയില്‍ വിശ്വാസം ഞങ്ങളെ തുടര്‍ന്നും ഏകീകരിക്കും.”
JW.ORG- എന്ന വെബ്‌സൈറ്റിലൂടെയോ, iOS ലോ Android ലോ സൗജന്യമായി ലഭ്യമായ JW Library App ലൂടെയുള്ള പ്രക്ഷേപണം വഴിയോ, Roku TV, Apple TV എന്നിവപോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ ഞങ്ങള്‍ ഏവരെയും ക്ഷണിക്കുകയാണ്. ഈ പരിപാടി തികച്ചും സൗജന്യമാണ്, ആര്‍ക്കും സംബന്ധിക്കാം. ഡൗണ്‍ലോഡു ചെയ്യാനും ലോകവ്യാപകമായി കാണാനും സാധിക്കും.
എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടന്ന ‘സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല’ എന്ന 2019ലെ അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ ഒരുലക്ഷത്തിലേറെപ്പേര്‍ ആസ്വദിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
PUBLIC COMMUNICATIONS REPRESENTATIVE:
Sam Thomas 832-248-5990
samthomas@rcmtool.org
LOCAL SPOKESMAN:
James Gianopoulos 972-989-6512
jgianopoulos@jw.org