സൈമൺ വളാച്ചേരിൽ
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് രാജ്യാന്തര കൺവൻഷന് ഇന്നു തിരിതെളിയും. ഓഗസ്റ്റ് പതിനൊന്നിനു കൺവൻഷൻ സമാപിക്കും. വിപുലമായ പരിപാടികളോടെയാണ് ഈ വർഷത്തെ കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഓൾ ഇൻക്ലൂസീവ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് കൺവൻഷൻ അരങ്ങേറുന്നത്. കടലോരത്തിൻ്റെ സൗന്ദര്യവും പവിഴപ്പുറ്റിൻ്റെ ചാരുതയും ഒത്തുചേർന്ന പുന്റാ കാനയിലെ ഏറ്റവും മികച്ച, പഞ്ചസാര മണലുള്ള കടൽത്തീരത്താണ് സ്പാനിഷ് ഉടമസ്ഥതയിലുള്ള ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, മെക്സിക്കൻ, ജാപ്പനീസ് തുടങ്ങിയ പതിനൊന്ന് മികച്ച റസ്റ്റോറന്റുകൾ, കാസിനോ, ഷോപ്പിംഗ്, സ്പാ, ജിം, തിയേറ്റർ, ഫുട്ബോൾ/വോളിബോൾ കോർട്ടുകൾ, എല്ലാ മുറികളിലും ബാൽക്കണി, ഹൈഡ്രോതെറാപ്പി, കടൽ കാഴ്ചകൾ, ഡോൾഫിൻ സഫാരി, സ്നോർക്കലിങ്, ബോട്ടിങ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ ഇവയും കൺവൻഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരമെങ്കിൽ സംഘടനകളുടെ സംഘടനയായ ഫോമായുടെ കൺവൻഷൻ അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൂരമാണ്. വിശിഷ്ഠാതിഥികളുടെ സാന്നിധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്തതയാലും പുന്റാകാനയിലെ മലയാളി മാമാങ്കം ഏവരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും.
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൺവൻഷന് അരങ്ങൊരുക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റിയുടെ പൂർണ അംഗീകാരത്തോടെ കൺവൻഷൻ ചെയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ഞ് മാലിയിൽ (തോമസ് സാമുവേൽ) എന്ന പരിചയസമ്പന്നനായ, സംഘാടകനെയാണ്. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഈ കുടുംബ സംഗമത്തിലേക്ക്, ഫോമാ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ കൺവൻഷൻ 24ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവർ അറിയിച്ചു.
മെഗാതിരുവാതിരയോട് കൂടെയാണ് വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമാവുക. ആദ്യദിവസമായ ഇന്ന് ഉദ്ഘാടനത്തിനു ശേഷം ബെസ്റ്റ് കപ്പിൾ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പ് ഫയർ ആണ് ആദ്യദിവസത്തെ പ്രധാന ആകർഷണം.
രണ്ടാം ദിനമായ നാളെ വിവിധ കമ്മറ്റികളുടെ മീറ്റിംഗുകൾ സംഘടിപ്പിക്കും. പതിനൊന്നു മണിയോടെ വർണാഭമായ കലാപരിപാടികളുമായി ഫോമാ യൂത്ത്ഫെസ്റ്റിവൽ ആരംഭിക്കും. കായികാസ്വാദനത്തിനായി ബീച്ചിൽ വോളിബോൾ ഗെയിം രണ്ടാം ദിവസം നടക്കും. ഉച്ചയ്ക്കുശേഷം മിസ് ഫോമാ – മിസ്റ്റർ ഫോമാ മത്സരങ്ങൾ, സെമിനാറുകൾ, ചിരിയരങ്ങ്, എത്നിക് ഫാഷൻ ഷോ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. വിവിധ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഫോമാ ഉത്സവ രാവ് മെഗാ സ്റ്റാർ ഷോയാണ് രണ്ടാം ദിവസത്തിന്റെ മുഖ്യാകർഷണം.
2024-26 വർഷത്തെ കമ്മറ്റി അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 9നു നടക്കും. തിരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർത്ഥികളുടെ പ്രചാരണം ശക്തമായിക്കഴിഞ്ഞു.
മൂന്നാം ദിനം പ്രത്യേക മ്യൂസിക്കൽ ഹീലിംഗ് പരിപാടിയാലും സ്ത്രീകളുടെ പ്രത്യേക പരിപാടികളാലും ശ്രദ്ധ നേടും. ഗ്രാൻ സലൂണിൽ നടക്കുന്ന പുരസ്ക്കാര ചടങ്ങാണ് ആനി ദിവസത്തെ മുഖ്യാകർഷണം. ഫോമാ ബിസിനസ്സ് മീറ്റും തുടർന്ന് നടക്കുന്ന വിനോദ രാവും അംഗങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഫോമായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൺവൻഷൻ ആയി ഇത് മാറുമെന്നതിൽ സംശയമില്ല. സംഘാടനമികവ് കൊണ്ടും ആഘോഷങ്ങൾ കൊണ്ടും ഏറെ പ്രത്യേകതകളാണ് കൺവൻഷനിൽ ഒരുങ്ങുന്നത്. വിശിഷ്ഠാതിഥികളുടെ സാന്നിധ്യവും പരിപാടികളുടെ വ്യത്യസ്തതയും പുന്റാകാനയിലെ മലയാളി മാമാങ്കത്തെ ശ്രദ്ധേയമാക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ജേക്കബ് തോമസ് (പ്രസിഡൻ്റ്) – (718) 406-2541
ഓജസ് ജോൺ (ജനറൽ സെക്രട്ടറി) – (425) 829-6301
ബിജു തോണിക്കടവിൽ (ട്രഷറർ) – (561) 951-0064