അനുപമ വെങ്കിടേഷ്
അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ പ്രതിനിധി വ്യവസായ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. അല ദേശീയ എക്‌സിക്യുട്ടിവ് അംഗം റീന ബാബുവാണ് പി രാജീവിനെ സന്ദര്‍ശിച്ചത്. അലയുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം പ്രത്യേകം സമയം അനുവദിച്ചിരുന്നു.
വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അല കുടുംബത്തിന്റെ അഭിനന്ദനം റീന ബാബുപി രാജീവിനെ അറിയിച്ചു. രണ്ടായിരത്തി പതിമൂന്നിലെ അലയുടെ രൂപീകരണത്തിനും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിയാണ് പി രാജീവ് .
മഹാമാരിയുടെ കാലത്ത് കേരളത്തെ സഹായിക്കാന്‍ അലയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെ പി രാജീവ് അഭിനന്ദിച്ചു. നിലവില്‍ അല നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ക്കും സഹകരണം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അലക്ക് ലഭിക്കുന്ന പ്രോല്‍സാഹനത്തിനും പിന്തുണക്കും അല കുടുംബം മന്ത്രിയോട് നന്ദി അറിയിച്ചു.