ന്യൂയോര്‍ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ യു.എസില്‍ മരിച്ചവരുടെ എണ്ണം അമ്പതോളമായി.. ന്യൂയോര്‍ക്കില്‍ 13ഉം പെന്‍സല്‍വേനിയയില്‍ അഞ്ചുപേരുമാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ ഒരാള്‍ കാറിനുള്ളില്‍ മരിച്ചു.
വെള്ളം കയറിയ ബേസ്‌മെന്‍റ് അപ്പാര്‍ട്‌മെന്‍റുകളില്‍ കഴിഞ്ഞ 11 പേരും മരിച്ചു. സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഓടകളിലെ മാലിന്യം നിരത്തിലൂടെ ഒഴുകുകയാണ്. വീടുകളില്‍ കുടുങ്ങിയ നിരവധിയാളുകളെ രക്ഷപ്പെടുത്തി.
ന്യൂജഴ്‌സിയില്‍ മരിച്ചവരുടെ എണ്ണം 23 ആയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയാണ് കൂടുതല്‍ ആളുകളും മരിച്ചത്. വെള്ളപ്പൊക്കം തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു മഴ കിട്ടിയതായി ഓര്‍ക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നൂറ് കണക്കിന് വിമാനങ്ങളാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്.
ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് വീടുകള്‍ക്ക് പുറത്തെത്തിച്ചത്.
കനത്ത മഴയും കൊടുങ്കാറ്റും കാരണം പെന്‍സില്‍വാനിയയില്‍ 98000, ന്യൂയോര്‍ക്കില്‍ 40,000 ന്യൂജേഴ്‌സിയില്‍ 60,000 വീടുകളില്‍ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.