എ.എസ് ശ്രീകുമാര്‍
വീണ്ടും വന്നല്ലോ ഹാലോവീന്‍…പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന വാര്‍ഷികോത്സവമാണ് ഹാലോവീന്‍ അഥവാ ഓള്‍ ഹാലോസ് ഈവ്. ഇംഗ്ലീഷില്‍ വിശുദ്ധന്‍ എന്നര്‍ത്ഥമുള്ള ഹാലോ, വൈകുന്നേരം എന്നര്‍ത്ഥമുള്ള ഈവെനിങ് എന്നീ പദങ്ങളില്‍നിന്നാണിത് രൂപംകൊണ്ടത്.
വീടുകള്‍ക്ക് മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങള്‍, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിര്‍ന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. കുട്ടികള്‍ ഓരോ വീടുകളിലും പോയി ‘ട്രിക്ക് ഓര്‍ ട്രീറ്റ്’ (വികൃതി അല്ലെങ്കില്‍ സമ്മാനം) എന്ന് ചോദിക്കുന്നു. ഹാലോവീന്‍ വീണ്ടും എത്തുകയാണ്…പതിവനുസരിച്ച് ഒക്‌ടോബര്‍ 31ന്. ഇത് പങ്കുവയ്ക്കലിന്റെ മറ്റൊരാഘോഷം…
ഹാലോവീന്റെ പിറവിക്ക് രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെല്‍റ്റിക് ആഘോഷമായ ‘സോ ഇന്നിന്റെ’ ആധുനിക രൂപമാണ് ഹാലോവീന്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ അയര്‍ലണ്ട്, യു.കെ, വടക്കന്‍ ഫ്രാന്‍സ് എന്നീ പ്രദേശങ്ങളില്‍ ജീവിച്ചിരിക്കുന്നവരാണ് കെല്‍റ്റുകള്‍. ആംഗ്ലോ സാക്‌സണുകളുടെ വരവിന് മുമ്പ് ബ്രിട്ടനില്‍ ജിവിച്ചിരുന്ന കുടിയേറ്റക്കാരുടെ അവസാന ഗ്രൂപ്പാണിവര്‍.
നവംബര്‍ ഒന്നാം തീയതിയാണ് കെല്‍റ്റുകള്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനവും വിളവെടുപ്പുകാലവുമായിരുന്നു ഇത്. കനത്ത മഴയും തണുപ്പിന്റെയും ഇരുണ്ട ദിനങ്ങളുടെ തുടക്കവും. മനുഷ്യര്‍ക്ക് ഈ സമയം മരണം സംഭവിച്ചിരുന്നുവത്രേ. ശരത്കാലത്തിന്റെ അവസാന നാളുകളിലാണ് പഞ്ഞ ദിവസങ്ങളിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചു വയ്ക്കുന്നതും തണുത്തുറഞ്ഞ മഴക്കാലം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും.
ഒക്‌ടോബര്‍ 31-ാം തീയതി രാത്രിയാണ് കെല്‍റ്റുകള്‍ സോ ഇന്‍ ആഘോഷിച്ചിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരുടെ ലോകവും തമ്മിലുള്ള അതിര് അവ്യക്തമാവുകയും ഇല്ലാതാവുകയും ചെയ്യുമെന്ന് കെല്‍റ്റുകള്‍ വിശ്വസിച്ചിരുന്നു. അന്ന് ആ സോ ഇന്‍ ആഘോഷരാവില്‍ പ്രേതങ്ങള്‍ ഭൂമിയിലേയ്ക്ക് മടങ്ങിവരും. അവര്‍ പലവിധ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യും.
ഇവയെ അകറ്റുന്നതിനു വേണ്ടി വലിയ അഗ്നികുണ്ഡങ്ങള്‍ സൃഷ്ടിക്കുകയും മൃഗങ്ങളെ, ചിലപ്പോള്‍ മനുഷ്യരെ പോലും ബലിനല്‍കി ദൈവത്തിന്റെ സഹായം തേടുകയും ചെയ്യും. ഹാലോവീന്‍ രാത്രിയില്‍ പ്രേതാത്മാക്കള്‍ ഭൂമിയിലെത്തുന്നത്, ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ ശത്രുക്കളായിരുന്നവരോട് പ്രതികാരം ചെയ്യാന്‍ കൂടിയാണത്രേ. അതുകൊണ്ട് ക്രിസ്ത്യാനികള്‍ മുഖംമൂടി ധരിച്ച് പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് തിരിച്ചറിയാനാവാത്ത വിധം വേഷ പ്രച്ഛന്നരാവുകയും ചെയ്തിരുന്നു.
ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്തില്‍ കെല്‍റ്റിക് പുരോഹിതന്‍മാര്‍ ഭാവിദിനങ്ങളെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെട്ടേക്കാവുന്ന ആ ലോകത്ത് ഇത്തരം പ്രവചനങ്ങള്‍ മഴദുരിതങ്ങളുടെ നീണ്ടനാളുകളിലേയ്ക്കുള്ള ജാഗ്രതയുടെ ചൂണ്ടുപലകയാവുകയും സുഖം പ്രദാനം ചെയ്യുകയും ചെയ്യുമെന്നവര്‍ വിശ്വസിച്ചു.
എ.ഡി. 43 ഓടുകൂടി റോമക്കാര്‍ കെല്‍റ്റുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി, നാനൂറു വര്‍ഷത്തോളം അവിടം ഭരിച്ചു. റോമാക്കാരുടെ രണ്ട് തനതായ ആഘോഷങ്ങള്‍ കെല്‍റ്റിക് ആചാരാഘോഷമായ സോ ഇന്നുമായി സംയോജിപ്പിച്ചു. ഇതില്‍ ആദ്യത്തേത് മരിച്ചുപോയവരെ സ്മരിക്കുന്ന റോമക്കാരുടെ പരമ്പരാഗത ആചാരമായ ‘ഫെറാലിയ’ ആയിരുന്നു. രണ്ടാമത്തേത് പഴങ്ങളുടെയും വൃക്ഷങ്ങളുടെയും റോമന്‍ ദേവതയായ പൊമോണയെ ആദരിക്കുന്ന ഉല്‍സവമാണ്. പൊമോണയുടെ പ്രതീകമാണ് ആപ്പിള്‍. ആപ്പിള്‍ പ്രത്യേക രീതിയില്‍ അമ്മാനമാടുന്നതാണ് ഹാലോവീന്‍ ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പിള്‍ ബോബിംഗ്.
എ.ഡി. 609 മെയ് 13-ാം തീയതി പോപ്പ് ബോണിഫേസ് നാലാമന്‍ റോമിലെ സകലദൈവങ്ങളുടേയും ദേവാലയം ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ ബഹുമാനാര്‍ഥം സമര്‍പ്പിച്ചു. അങ്ങനെ പാശ്ചാത്യ സഭയില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കമായി. പോപ്പ് ഗ്രിഗറി മൂന്നാമന്‍ എല്ലാ പുണ്യവാളന്‍മാരുടെയും എല്ലാ രക്തസാക്ഷികളുടേയും ആഘോഷമാക്കി ഇത് വിപുലപ്പെടുത്തി. മെയ് 13 മുതല്‍ നവംബര്‍ ഒന്നു വരെയായിരുന്നു ഈ ആഘോഷം.
ഒന്‍പതാം നൂറ്റാണ്ടോടെ ക്രൈസ്തവ സ്വാധീനം കെല്‍റ്റിക് പ്രദേശങ്ങളില്‍ വ്യാപിക്കുകയും പഴയ ആചാര ആഘോഷങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തു. എ.ഡി ആയിരത്തോടെ മരിച്ചവരെ ആദരിക്കാനായി നവംബര്‍ രണ്ടാം തീയതി എല്ലാ ആത്മാക്കളുടെയും ദിനമായി പ്രഖ്യാപിച്ചു. ഇത് കെല്‍റ്റിക് ആഘോഷങ്ങളുടെ പുനരാവിഷ്‌കാരത്തിന്റെ ഭാഗമായിരുന്നു. എല്ലാ ആത്മാക്കളുടെയും ദിനം സോ ഇന്നിനു സമാനമായിരുന്നു.
അഗ്നികുണ്ഡങ്ങള്‍ തീര്‍ത്തും, ഘോഷയാത്രനടത്തിയും വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ചും മാലാഖയും ചെകുത്താനുമായി പകര്‍ന്നാടിയുമൊക്കെ ആഘോഷം മനോഹരമാക്കി. എല്ലാ വിശുദ്ധരുടെയും ദിനം ഓള്‍ ഹാലോസ് ഡേ ആയും അറിയപ്പെട്ടു. ഈ ദിനത്തിന്റെ തലേ രാത്രി കെല്‍റ്റുകളുടെ പരമ്പരാഗത ആഘോഷത്തെ അനുസ്മരിപ്പിക്കും വിധം ഓള്‍ ഹാലോസ് ഈവ് ആയും അത് കാലക്രമേണ ഹാലോവിന്‍ ആയും രൂപാന്തരപ്പെടുകയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഹാലോവീന്‍ അമേരിക്കയിലെത്തുന്നത്. പുതിയ കുടിയേറ്റക്കാരുടെ പ്രളയകാലമായിരുന്നു അന്ന് അമേരിക്കയില്‍. അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങ് കൃഷി തകര്‍ച്ചയിലാവുകയും കര്‍ഷകര്‍ ക്ഷാമത്തിന്റെ കടുത്ത വേലിയേറ്റത്തില്‍ മുങ്ങുകയും ചെയ്തതോടെ അവര്‍, 1846 കാലഘട്ടത്തില്‍ അമേരിക്കയിലേയ്ക്ക് കുടിയേറി.
ഇതോടെ ഹാലോവീന്‍ ആചാരങ്ങള്‍ അമേരിക്കയിലെമ്പാടും ഊട്ടിയുറപ്പിക്കപ്പെട്ടു. ഐറിഷ്, ഇംഗ്ലീഷ് പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ട് അമേരിക്കക്കാരും ഹാലോവീന്‍ വസ്ത്രങ്ങള്‍ ധരിച്ച് വീടുവീടാന്തരം കയറിയിറങ്ങി ഭക്ഷണവും പണവും ആവശ്യപ്പെടുകയും ചെയ്തു. യുവതികള്‍ വിശ്വസിച്ചിരുന്നത് ഹാലോവീന്‍ ആഘോഷങ്ങള്‍ തങ്ങളുടെ ഭാവി വരനെ സമ്മാനിക്കുമെന്നാണ്.
ഇന്ന് അയര്‍ലണ്ടില്‍ ഒരാചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ പ്രധാന ഹാലോവീന്‍ ഭക്ഷണമാണ് ബ്രാംബ്രാക്ക്. ഇത് പഴങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കാണ്. ബേക്ക് ചെയ്യുന്നതിനു മുമ്പ് മോതിരമോ നാണയമോ മറ്റ് ആകര്‍ഷക വസ്തുക്കളോ കേക്കിനുള്ളില്‍ നിക്ഷേപിക്കും. കേക്ക് വിതരണം ചെയ്യുകയും ചെയ്യും. മോതിരവും മറ്റും അടങ്ങിയ കേക്ക് ലഭിക്കുന്നയാള്‍ അടുത്ത ഹാലോവീനു മുമ്പ് തങ്ങളുടെ ജീവിതപങ്കാളിയാവുമെന്നാണ് വിശ്വാസം.
1800 കളുടെ അവസാനം ഹാലോവീന്‍ സാമൂഹിക കൂട്ടായ്മയിലൂടെ ഒരു ഹോളിഡേ ആക്കി മാറ്റാന്‍ അമേരിക്കയില്‍ നീക്കമുണ്ടായി. ആ നൂറ്റാണ്ട് കഴിഞ്ഞതോടെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഹാലോവീന്‍ പാര്‍ട്ടികള്‍ സര്‍വസാധാരണമായി. വിവധയിനം കളികളിലും ഭക്ഷണത്തിലും വിഭിന്നമായ വസ്ത്രധാരണത്തിലും ഹാലോവീന്‍ ആഘോഷങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലോവീന്റെ അന്ധവിശ്വാസപരവും മതപരവുമായ പ്രയോഗരീതികളില്‍ മിക്കവയും നഷ്ടമായി.
ഹാലോവീന്‍ ദിനത്തില്‍ വേഷപ്രച്ഛന്നരാവുന്ന പതിവിന് യൂറോപ്യന്‍-കെല്‍റ്റിക് വേരുകള്‍ ഉണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശൈത്യകാലം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതും ഭയാനകവുമായിരുന്നു. ക്ഷാമകാലമായിരുന്നു അത്. കൊടിയ തണുപ്പിന്റെ ഭാവി ദിനങ്ങള്‍ തങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നവര്‍ ഭയപ്പെട്ടു. ഹാലോവീന്‍ വേളയില്‍ ഭൂമിയിലെത്തുന്ന പ്രേതങ്ങളുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന ഭീതി ജനങ്ങള്‍ക്കുണ്ടായിരുന്നു.
അതിനീലവര്‍ വീടുവിട്ടിറങ്ങിയിരുന്നില്ല. പ്രേതങ്ങള്‍ തിരിച്ചറിയാതിരിക്കാനായി അവര്‍ മുഖംമൂടി ധരിച്ചു. ഇവരെ കാണുന്ന പ്രേതങ്ങള്‍ തങ്ങളുടെ സഹ പ്രേതങ്ങളാണെന്ന് തെറ്റിദ്ധരിക്കുമത്രേ. പ്രേതങ്ങള്‍ വീടിനുള്ളില്‍ കയറുന്നത് തടയാനും അവയെ അകറ്റാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി വീടിനു പുറത്തു വയ്ക്കുമായിരുന്നു.
ഹാലോവീന്‍ ആഘോഷരാത്രിയില്‍ മത്തങ്ങ കൊണ്ട് പല പല ശില്പങ്ങള്‍ ഉണ്ടാക്കി അതില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുക അമേരിക്കയില്‍ പതിവാണ്. സോ ഇന്‍ ശൈലി അനുസരിച്ച് മരത്തിന്റെ വലിയ വേരുകളില്‍ കൊത്തുപണികള്‍ ചെയ്ത് അതില്‍ റാന്തല്‍ വിളക്ക് കത്തിച്ചു വച്ചിരുന്നു.
സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ള പ്രവേശനത്തിനായി ശുദ്ധീകരിക്കപ്പെടാന്‍ നില്‍ക്കുന്ന ആത്മാക്കളെ ഓര്‍മിക്കുന്നതിനു വേണ്ടിയായിരുന്നു ഈ കാഴ്ച വിളക്ക്. 1837 മുതലാണ് അമേരിക്കയില്‍ മത്തങ്ങ ശില്പങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. ഇതാകട്ടെ വിലവെടുപ്പുത്സവത്തിന്റെ പ്രതീകം കൂടിയാണ്.
ഹാലോവീന്‍ ആഘോഷത്തിന് കാലിഫോര്‍ണിയയിലും മറ്റും ഭയപ്പെടുത്തുന്ന ചില വിനോദങ്ങള്‍ അരങ്ങേറാറുണ്ട്. ഇത് ശരിക്കുമൊരു കച്ചവടമാണിപ്പോള്‍. ധനശേഖരണത്തിനായി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിനെപോലെയുള്ള സംഘടനകള്‍ ഈ വിനോദ പരിപാടികളെ സമര്‍ഥമായി ഉപയോഗിക്കുന്നു. ഇതിലൂടെ 300 മുതല്‍ 500 വരെ മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. അതോടൊപ്പം നാലു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളേയും.
ആപ്പിള്‍ വിളവെടുപ്പിന്റെ സമയത്താണ് ഹാലോവീന്‍ ഹോളിഡേ എത്തുക. പഞ്ചസാര ലായനിയിലും സിറപ്പിലും മുക്കിയ കാന്‍ഡി ആപ്പിളുകള്‍ ഹാലോവീന്‍ വിരുന്നുകളില്‍ സുലഭമാണ്. ഒരു കാലത്ത് കാന്‍ഡി ആപ്പിളുകള്‍ കുട്ടികള്‍ക്ക് യഥേഷ്ടം നല്‍കുമായിരുന്നു. എന്നാല്‍ ചില ദുഷ്ടശക്തികള്‍ ഈ ആപ്പിളുകള്‍ക്കുള്ളില്‍ ബ്ലേഡുകളും മൊട്ടുസൂചികളും ഒളിപ്പിച്ചു വയ്ക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭയം മൂലം ഈ ആചാരം ദുര്‍ബലപ്പെട്ടു. ഇത്തരത്തിലുള്ള ആപ്പിളുകള്‍ കഴിച്ചതു മൂലം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
ഹാലോവീന്‍ നിഗൂഢതകളും അത്ഭുതങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു ആഘോഷമാണ്. അതേ സമയം ഇത് സ്‌നേഹക്കൂട്ടായ്മയുടേയും കച്ചവടത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മണ്‍മറഞ്ഞു പോയ ഒരു പാപമ്പര്യത്തിന്റയും മധുരോദാരമായ ഭക്ഷണത്തിന്റെയും വിനോദത്തിന്റെയും ജീവ കാരുണ്യ പ്രവൃത്തികളുടെയും ഉത്സവമാണ്.
ഹാപ്പി ‘ട്രിക്ക് ഓര്‍ ട്രീറ്റ്’