ന്യൂയോർക്ക്: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ 152 മത് ജന്‍മദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്- യുസ്എ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ന്യൂയോർക്ക് മൻഹാട്ടനിലെ 14 th സ്ട്രീറ്റിലുള്ള യൂണിയൻ സ്ക്വ്‌യറിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ടിന്റെ നേതൃത്വത്തിൽ യൂണിയൻ സ്ക്വ്‌യറിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ എത്തിയ ഐ.ഒ.സി. യൂ.എസ്.എ കേരള ചാപ്റ്റർ നേതാക്കൾ ബാപ്പുജിക്ക് പ്രണാമമർപ്പിച്ചു. തുടർന്ന് ലീല മാരേട്ട് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പ്പാർച്ചന നടത്തി.
ഇന്ത്യയുടെ സ്വന്തന്ത്ര്യലബ്ധിക്കായി സമാധാനത്തിന്റെയും സത്യാഗ്രഹത്തിന്റെയും മാർഗത്തിലൂടെ മുന്നിൽ നിന്നും പൊരുതിയ ആ മഹാത്‌മാവിന്റെ പാവന സമരണയ്ക്കു മുൻപിൽ നിൽക്കുമ്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്ല്യങ്ങളെ കശാപ്പു ചെയ്യുന്ന ഇന്നത്തെ ഭാരത സർക്കാരിന്റെ കിരാത നടപടികൾ കണ്ട് അദ്ദേഹത്തിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നുണ്ടാകുമെന്ന് ലീല മാരേട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ ഉയര്ത്തിപ്പിടിച്ച മൂല്യങ്ങളായ സമത്വം , മതേതരത്വം, സമാധാനം , നാനാത്വത്തിൽ ഏകത്വം തുടങ്ങിയവപിന്തുടർന്നതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരതത്തെ ലോകത്തിനു മുൻപിൽ ഒരു മാതൃക രാജ്യമാക്കി മാറ്റാൻ കഴിഞ്ഞത്. എന്നാൽ ഈ മൂല്യങ്ങളെയെല്ലാം കശാപ്പുചെയ്യുന്ന രീതിയാണ് മോഡി സർക്കാരിന്റെ നേതൃത്വത്തിൽ ഭാരതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ലീല മാരേട്ട് ആരോപിച്ചു.
ഗാന്ധിജിയെ സ്നേഹിക്കുന്ന പ്രവാസി മലയാളികളാണ് കോൺഗ്രസ് പ്രസ്ഥാനത്തെയും ഏറ്റവുമധികം സ്നേഹിക്കുന്നതെന്ന് ഐ.ഒ.സി. യു.എസ്.എ നാഷണൽ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ പറഞ്ഞു. പ്രവാസികൾക്കിടയിൽ ഗ്രൂപ്പുകളില്ല ഒരൊറ്റ കോൺഗ്രസ് മാത്രമേയുള്ളവെന്നും അത് ഗാന്ധിജി വിഭാവനം ചെയ്ത മൂല്യങ്ങളെ നെഞ്ചോട് ചേർത്ത കോൺഗ്രസ് പാർട്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ജീവിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രവാസി മലയാളികൾ ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തോട് കാണിക്കുന്ന ആദരവ് എത്രയെന്നതിന്റെ ഉദാഹരണമാണ് വര്ഷങ്ങളായി ഈ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ഗാന്ധി ജയന്തി ദിനത്തിലും മറ്റു പ്രധാന ദിനത്തിലും ഇവിടെ പുഷ്‌പാർച്ചന നടത്തുവാൻ ഇത്രയേറെ പ്രവാസികൾ എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.ഓ.സി.-യു.എസ്.എ കേരളയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി.
ഐ.ഓ.സി.-യു.എസ്.എ കേരളയുടെ ന്യൂയോർക്ക് ചാപ്റ്റർ വിമൻസ് ഫോറം ചെയർ ഉഷ ജോർജ്, നാഷണൽ കമ്മിറ്റി മെമ്പറും സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ രാജു ഫിലിപ്പ്, നാഷണൽ കമ്മിറ്റി മെമ്പർ തോമസ് മാത്യു, വിമൻസ് ഫോറം മെമ്പർ സിസിലി പഴയമ്പിള്ളി , ഐ.ഒ. സി. യു.എസ്. എ കേരള ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോയ് ഇട്ടൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷപർച്ചന നടത്താൻ എത്തിയിരുന്നു.