ജോര്‍ജ് കറുത്തേടത്ത്
അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീകയോഗം 2021 നവംബര്‍ 11, 12, 13 (വ്യാഴം, വെള്ളി, ശനി) തീതികളില്‍ ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയില്‍ ഭദ്രാസനാസ്ഥാന കത്തീഡ്രലില്‍ വച്ചു നടത്തും.
വൈദീകരില്‍ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്കും തുടര്‍ പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണര്‍വ്വിനും അതുവഴി ഭദ്രാസനത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, വൈദീക ക്ഷേമത്തിനും, ഈടുറ്റ സേവനത്തിനും അനുയോജ്യമായ അഭിപ്രായം സ്വരൂപിക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വൈദീക യോഗത്തില്‍ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറോളം വൈദീകര്‍ പങ്കുകൊള്ളും.
നവംബര്‍ 11 വ്യാഴാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിക്കും. വൈകുന്നേരം 6.30-നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വെരി റവ. സാബു തോമസ് ചേറാറ്റില്‍ കോര്‍എപ്പിസ്‌കോപ്പ (ക്ലെര്‍ജി സെക്രട്ടറി) ആമുഖ പ്രസംഗം നടത്തും. വെരി റവ. വര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി, സെന്റ് എഫ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ന്യൂജേഴ്‌സി) സ്വാഗതം ആശംസിക്കും. തുടര്‍ന്ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗം നടത്തും. റവ.ഫാ. മാര്‍ട്ടിന്‍ സാബുവിന്റെ (ഡാളസ് സെന്റ് മേരീസ് ചര്‍ച്ച്) പ്രസംഗത്തിനുശേഷം ഡിന്നറും, തുടര്‍ന്ന് ക്ലെര്‍ജി സെക്രട്ടറി മോഡറേറ്ററായി വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും നടക്കും.
നവംബര്‍ 12-നു വെള്ളിയാഴ്ച പ്രഭാത പ്രാര്‍ത്ഥനയോടെ അന്നത്തെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. അഭി. മെത്രാപ്പോലീത്തയുടെ പ്രസംഗത്തിനുശേഷം വൈകിട്ട് 9 മുതല്‍ 9.30 വരെ ‘ആത്മീയ ഗീത’ പ്രാക്ടീസ് നടക്കും. അതേ തുടര്‍ന്ന് മുഖ്യ പ്രഭാഷകന്‍ അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ആര്‍ച്ച് ബിഷപ്പ്, ക്‌നാനായ യു.കെ & കാനഡ) ‘സിറയക് ഓര്‍ത്തഡോക്‌സ് ലിറ്റര്‍ജിക്കല്‍ റൈറ്റ്‌സ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുക്കും.
തുടര്‍ന്നുള്ള സെഷനില്‍ ‘കോവിഡ് 19 മൂലമുണ്ടായ വെല്ലുവിളികളും മറ്റു സാഹചര്യങ്ങളും പള്ളികളെ എങ്ങനെ ബാധിച്ചു’ എന്നതിനെ സംബന്ധിച്ച് റവ.ഫാ.ഡോ. ജസ്റ്റിന്‍ ലാസര്‍ കണ്ണത്തുവിള പ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ബിസിനസ് മീറ്റിംഗും, ആത്മീയഗീത പരിശീലനവും നടക്കും. ഈവനിംഗ് പ്രെയറിനുശേഷം റവ.ഫാ. സജി മര്‍ക്കോസ് (ഭദ്രാസന സെക്രട്ടറി) ധ്യാന പ്രസംഗം നടത്തും. തുടര്‍ന്ന് വി. കുമ്പസാരത്തിനുശേഷം ഡിന്നറോടുകൂടി അന്നത്തെ പരിപാടികള്‍ അവസാനിക്കും.
നവംബര്‍ 13 ശനിയാഴ്ച പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം അഭി. മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. ബലിയര്‍പ്പണത്തിനുശേഷം സമാപന ചടങ്ങുകള്‍ നടക്കും.
അഭി. മെത്രാപ്പോലീത്തയോടൊപ്പം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, വെരി. റവ സാബു തോമസ് ചേറാറ്റില്‍ കോര്‍എപ്പിസ്‌കോപ്പ (ക്ലെര്‍ജി സെക്രട്ടറി), റവ.ഫാ. അനീഷ് സഖറിയ, റവ.ഫാ. ജോസ് പയറ്റേല്‍, റവ.ഫാ. ജോസഫ് വര്‍ഗീസ്, റവ.ഫാ. റവ.ഫാ. തോമസ് കോര (ക്ലെര്‍ജി കൗണ്‍സില്‍ മെമ്പേഴ്‌സ്), റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് (ജോയിന്റ് സെക്രട്ടറി, ഭദ്രാസന കൗണ്‍സില്‍), റവ.ഫാ. വര്‍ഗീസ് പോള്‍ (ഓഫീസ് മാനേജര്‍), റവ.ഫാ. ആകാശ് പോള്‍, സാജു മാരോത്ത് എന്നിവരുടേയും നേതൃത്വത്തില്‍ ഈ ആത്മീയ സംഗമം വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.