ഫ്രാൻസിസ് തടത്തിൽ
ന്യൂയോർക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനു കീഴിലുള്ള സിറാക്കൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി സുവര്‍ണ ജൂബിലിയുടെ നിറവിൽ. നവംബർ 19 (വെള്ളി) 20 (ശനി) തീയതികളില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങൾക്കും ശിശ്രൂഷകൾക്കും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരിക്കും.
ജൂബിലി ആഘോഷങ്ങളോടനുബവന്ധിച്ച് ഡോ. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ സിറാക്കൂസ് സിറ്റിയുടെ ഡെപ്യൂട്ടി മേയർ ഷാരൺ ഓവൻസ് മുഖ്യാതിഥി ആയിരിക്കും.മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാത്തോമ്മ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവായുടെ സന്ദേശം ചടങ്ങിൽ വായിക്കും. ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, ഇടവക മുൻ വികാരി ഫാ. എബി പൗലോസ്, ഇടവയുടെ സ്‌ഥാപകൻ പരേതനായ റവ.തോമസ് പി മുണ്ടുകുഴി കോര്‍ എപ്പിസ്‌കോപ്പയുടെ മകൻ അനിൽ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
50 വർഷം മുൻപ് റവ. തോമസ് പി മുണ്ടുകുഴി കോര്‍ എപ്പിസ്‌കോപ്പ സ്‌ഥാപിച്ച,മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിച്ച ഈ പള്ളിയുടെ ചരിത്രനാളുകൾ സാക്ഷ്യപ്പെടുത്തുന്ന ഡോക്കുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിക്കും. “സുവർണ്ണ യാത്ര” എന്ന് പേരിട്ടിരിക്കുന്ന ഡോക്കുമെന്ററി ഇടവക ട്രസ്റ്റി ചെറിയാൻ പെരുമാൾ ആണ് തയാറാക്കിയിരിക്കുന്നത്. ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ, മറ്റു വിശിട്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. പള്ളി വികാരി ഫാ.അലക്സ് കെ.ജോയി സ്വാഗതവും സെക്രെട്ടറി വിജു മാത്യുസ് നന്ദിയും പറയും.
“നീ എനിക്ക് ദേവദാരു കൊണ്ട് ആലയം പണിയാത്തതെന്ത് എന്ന്” ദാവീദിനോട് ചോദിച്ച അതേ ദൈവത്തിന്റെ വാക്കുകളില്‍ പ്രചോദിതരായാണ് മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്തീയ സമൂഹം 1971-ല്‍ ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ ഒത്തുചേര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് തുടക്കം കുറിക്കുന്നത്. അതെ തുടർന്ന് 2013ൽ സ്വന്തമായി വാങ്ങിയ പള്ളി 2017ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഇടവക ജനത്തിന് സമര്‍പ്പിച്ചു.
സിറാക്കൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപിച്ചത് പരേതനായ തോമസ് പി മുണ്ടുകുഴി കോര്‍ എപ്പിസ്‌കോപ്പസാണ്. ഫാ. ഡോ.കെ.കെ കുര്യാക്കോസ്, ഫാ. എബി പൗലോസ് എന്നിവര്‍ പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമികളായി. ഫാ.അലക്സ് കെ ജോയ് ആണ് നിലവിലെ വികാരി. വിശ്വാസത്തിന്റേയും നവീകരണത്തിന്റേയും ഈ മഹത്തായ വേളയില്‍ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സിറാക്കൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും ഇടവകാംഗങ്ങളും എല്ലാവരെയും സ്വാഗതം ചെയ്തു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ ഏറ്റവും ചെറിയ ഇടവകകളില്‍ ഒന്നാണെങ്കിലും ഇടവകയുടെ ആത്മീയ നേതൃത്വത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ഇവിടുത്തെ ഇടവകാംഗങ്ങൾ എന്ന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. ഇടവക ആരംഭിച്ചതു മുതല്‍ അംഗങ്ങളല്ലാത്ത നിരവധിയാളുകളാണ് ഇവിടെ ദിവ്യബലിയില്‍ പങ്കെടുക്കാനായി എത്താറുള്ളത്. നിലവിലുള്ള പള്ളി കെട്ടിടം 200 വര്‍ഷം പഴക്കമുള്ള ഒരു ചരിത്ര മന്ദിരമായി ( HISTORICAL BUILDING) അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് തങ്ങള്‍ ദൈവികമായി അനുഗ്രഹിക്കപ്പെട്ടതിൽ ഏറെ കൃതാർഥ്യരാണെന്ന് ഇടവക വികാരി ഫാ. അലക്‌സ് ജോയി പറഞ്ഞു.
1821-ല്‍ നിര്‍മ്മിച്ചതാണ് ഏറെ പ്രൗഢിയോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന പള്ളിയുടെ കെട്ടിടം. വരും തലമുറയ്ക്കായി ഈ ആരാധനാലയം ഇനിയും സംരക്ഷിക്കപ്പെടേണ്ടതിന് നിങ്ങളുടെ പ്രാര്‍ത്ഥനകളും സഹായങ്ങളും ആവശ്യമാണെന്നും ഫാ. അലക്സ് കെ ജോയ് പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി നവംബർ 19 നു വൈകുന്നേരം 6 നു സന്ധ്യാ നമസ്ക്കാരവും 20 നു രാവിലെ 8.30 നു നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തുടർന്നുള്ള മീറ്റിംഗിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ പൊതുപരിപാടികൾ തുടരും.
ജൂബിലി ആഘോഷത്തിന്റെ നടത്തിപ്പനായി ഫാ. അലക്സ് കെ. ജോയി, ട്രഷറർ ചെറിയാൻ പെരുമാൾ, സെക്രെട്ടറി വിജു മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും. കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തയും ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തയും പല പ്രാവശ്യം ഈ ഇടവകയിൽ സന്ദർശിച്ചിട്ടുണ്ട്. ഈ ജൂബിലി ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സിറാക്കൂസ് സെയിന്റ് തോമസ് പള്ളി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.