ന്യൂജേഴ്‌സി: പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് പള്ളി സീറോ മലബാർ കാത്തലിക്ക് കോൺഫറൻസിന്റെ (എസ്.എം.സി.സി.) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ആയി ഫ്രാൻസിസ് പള്ളുപ്പേട്ടയെയും സെക്രെട്ടറിയായി ജോയി ചാക്കപ്പനെയും തെരെഞ്ഞെടുത്തു. വികാരി ഫാ. തോമസ് മാങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നിലവിലുള്ള പ്രസിഡണ്ട് മരിയ തോട്ടുകടവിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മരിയ തൊട്ടുകടവിലിനെ കൺവീനർ ആയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ഫ്രാൻസിസ് കാരക്കാട്ട് – വൈസ് പ്രസിഡണ്ട്, ഷൈനി പോൾ – ജോയിന്റ് സെക്രെട്ടറി. ടോം സെബാസ്റ്റ്യൻ- ട്രഷറർ, ഫ്രാൻസിസ് തടത്തിൽ- പബ്ലിക്ക് റിലേഷൻസ് കോർഡിനേറ്റർ. കമ്മിറ്റി അംഗങ്ങൾ: ജോസഫ് ഇടിക്കുള,പോൾ ടി. അലക്സ്,ബിജു ഏറ്റുങ്കൽ, മനോജ് വാട്ടപ്പള്ളിൽ, സെബാസ്റ്റ്യൻ തോമസ്, മാത്യു കുര്യാക്കോസ്,ആൽബിൻ തോമസ്, ഷീന സജിമോൻ, വത്സമ്മ ജോയി എന്നിവരെയും തെരെഞ്ഞെടുത്തു. .
പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പള്ളുപ്പേട്ട എസ് എം.സി.സിയുടെ നിലവിലുള്ള സെക്രെട്ടറിയാണ്. കോവിഡ് മഹാമാരിയുടെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ടുപോലും നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞ കമ്മിറ്റിയ്ക്ക് കഴിഞ്ഞതായി ഇപ്പോഴത്തെ പ്രസിഡണ്ട് മരിയ തോട്ടുകടവിലും സെക്രെട്ടറി ഫ്രാൻസിസ് പള്ളുപ്പേട്ടയും പറഞ്ഞു.
2019 മാർച്ച് – ഏപ്രിൽ മാസത്തിലെ നോമ്പുകാലത്ത് വിമൻസ് ഫോറവും സെയിന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി ഫുഡ് ഡ്രൈവ് നടത്തി. എസ് എം.സി.സി മെമ്പർഷിപ്പ് ഡ്രൈവ് വഴി 60ൽപരം അംഗംങ്ങളെ ചേർക്കാൻ കഴിഞ്ഞതായും റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പള്ളുപ്പേട്ട അറിയിച്ചു..
2019ൽ ഹൂസ്റ്റണിൽ നടന്ന സീറോ മലബാർ ദേശീയ കൺവെൻഷനിൽ ഇടവകയിൽ നിന്ന് 109 അംഗങ്ങളെ പങ്കെടുപ്പിക്കാൻ അതിനു നേതൃത്വം നൽകിയ എസ്.എം. സി.സി കഴിഞ്ഞു. വിവിധ ഹൈസ്കൂൾ, യൂണിവേഴ്സിറ്റികളിൽ നിന്ന് പുതുതായി ഗ്രാജ്വറ്റ് ചെയ്‌ത ഇടവകയിലെ യുവജനങ്ങളെയും അംഗങ്ങളെയും വിമൻസ് ഫോറവുമായി സഹകരിച്ച് ആദരിക്കുകയും കാഷ് അവാർഡ് നൽകുകയും ചെയ്തു. ഇടവകയിലെ വൃദ്ധജനങ്ങളായ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും എസ്.എം.സി.സി.യുടെ നേതൃത്വത്തിൽ പള്ളിയിൽ ആദരിച്ചു.
പാറ്റേഴ്സൺ സെയിന്റ് ജോസഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വിമൻസ് ഫോറവുമായി ചേർന്ന് എസ്.എം.സി.സി യുടെ ആഭിമുഖ്യത്തിൽ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് സ്ട്രോക്ക്, പ്രമേഹം ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങളെക്കുറിച്ച് ബോധവവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ ഇവടവകയിലെ അംഗങ്ങൾക്കായി ടാക്സ് സംബന്ധമായ വിഷയങ്ങളിൽ മുഖ ടാക്സ് പ്രാക്ടീഷണർ ബാബു ജോസഫ് സി.പി. എ ക്ലാസുകളും ചർച്ചകളും നടത്തി. ഇതെല്ലം കോവിഡ് മഹാമാരിക്ക് മുൻപായി നടത്താൻ കഴിഞ്ഞ നേട്ടങ്ങളാണെന്ന് ഫ്രാൻസിസ് പള്ളുപ്പേട്ട ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയുടെ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വേണ്ടി മാസ്ക്, ഗ്ലൗസ്, സാനിറ്ററീസ് തുടങ്ങിയവ എത്തിച്ചു നൽകുകയും രോഗബാധിതരായി ദുരിതമനുഭവിച്ച നിരവധി കുടുംബങ്ങൾക്ക് എസ്.എം.സി.സി.അംഗങ്ങൾ വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണം എത്തിച്ചു നൽകി. കോവിഡ് മഹാമാരിമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. സ്വന്തം ആരോഗ്യത്തെ തൃണവൽക്കരിച്ചുകൊണ്ടുപോലും കോവിഡ് മഹാമാരിയെ നേരിടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ആരോഗ്യ മേഖലയിലെ ഹീറോകളായ മുൻ നിര പ്രവർത്തകരെ സൂം മീറ്റിംഗിലൂടെ ആദരിച്ചതായും പ്രസിഡണ്ട് മരിയ തൊട്ടുകടവിൽ പറഞ്ഞു.