മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” എന്ന സംഘടനയുടെ (ECHO – Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു (ജോ) അർഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന എക്കോ വാർഷിക ആഘോഷത്തിൽ ഈ അവാർഡ് ജോണിന് സമ്മാനിക്കുന്നതാണ്.
ലോങ്ങ് ഐലൻഡ് എൻ. വൈ . യു . ലോങ്‌കോൺ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്‌നോളജിസ്റ് ആയ ജോൺ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു് ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് ആഗ്രഹിക്കുന്ന ജോ തനിയെ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്നതിനോ അതിലൂടെ പ്രശസ്തി നേടുന്നതിനോ താല്പര്യപ്പെടുന്നില്ല.
“എന്നാലാകുന്ന സഹായം അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുന്നതിന് മാത്രമാണ് ഞാൻ ചിലരെ സഹായിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ പ്രശസ്തി നേടുന്നതിനോ ഷോ കാണിക്കുന്നതിനോ ഒന്നുമല്ല ഞാനിതു ചെയ്യുന്നത്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന മനസ്ഥിതി ചെറുപ്പം മുതൽക്കേ ഉള്ളതുകൊണ്ട് സ്വന്തം സമ്പാദ്യത്തിൽ നിന്ന് ചെറിയ സഹായങ്ങൾ ചെയ്യണം എന്നത് മനസാക്ഷി അനുസരിച്ചു ചെയ്യുന്നുവെന്നേയുള്ളു.
സഹായത്തിനു അർഹതയുള്ളവരാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം നാട്ടിലുള്ള എന്റെ സഹോദരി വഴി ഞാൻ സഹായം എത്തിച്ചു നൽകുന്നു. എന്റെ പ്രവത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണം എന്ന് മാത്രമേ ഈ അവാർഡ് സ്വീകരിക്കുന്നതിലൂടെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ എന്റെ ഈ പ്രവർത്തനം മാതൃകയാക്കി കൂടുതൽ പേരിലൂടെ അർഹിക്കുന്നവർക്ക് സഹായം ലഭിക്കട്ടെ എന്ന് താല്പര്യപ്പെടുന്നു.” അവാർഡ് ലഭിച്ച സന്തോഷത്തിൽ ജോ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികൾക്കും ഭവന നിർമാണ സഹായമായി ഒൻപതു ലക്ഷത്തോളം രൂപ ജോ നൽകി. നാട്ടിൽ അപ്പ്‌ഹോൾസറി വർക്ക് നടത്തുന്ന ഒരു വ്യക്തിയ്ക്ക് അപകടം സംഭവിച്ചപ്പോൾ കാലിനു സർജ്ജറി നടത്തുന്നതിനും മറ്റൊരാൾക്ക് ഓപ്പൺ ഹാർട്ട് സർജ്ജറി നടത്തുന്നതിനും നിർധനയായ ഒരു പെൺകുട്ടിക്ക് ആയുർവേദ മെഡിസിന് അഡ്മിഷൻ ലഭിച്ചപ്പോൾ വിദ്യാഭ്യാസ സ്പോൺസർ ചെയ്യുന്നതിനും മറ്റൊരു വ്യക്തിക്ക് ജീവിത മാർഗത്തിനായി ഒരു തട്ടു കട നിർമിച്ചു നൽകുന്നതിനും ഇതിനോടകം ദൈവാനുഗ്രഹത്താൽ സാധിച്ചു. മകൻറെ വിവാഹത്തോടനുബന്ധിച്ചു 12 നിർധനരായ പെണ്കുട്ടികൾക്ക് വിവാഹ സഹായം നൽകുന്നതിനും സാധിച്ചു.
2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം നൽകുന്നതിനും മറ്റു സഹായങ്ങൾ എത്തിക്കുന്നതിനും ആ സമയങ്ങളിൽ സാധിച്ചു. കോവിഡ് കാലത്തു ഓൺലൈൻ ക്ലാസ്സിൽ പഠിക്കുന്നതിനു നിര്ധനയായ ഒരു വിദ്യാർഥിനിക്ക് ലാപ്ടോപ്പ് വാങ്ങി നൽകിയതും ധാരാളം സഹായങ്ങൾ നല്കിയതിൽ ചിലതു മാത്രമാണ്.
ദൈവം തനിക്കു തരുന്ന നന്മകൾ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവർക്ക്കൂടി പങ്കു വെയ്ക്കണം എന്ന താല്പര്യമാണ് തന്നെ ഈ പ്രവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓർമ്മിച്ചു. പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോൺ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആൺമക്കൾ വിവാഹിതരാണ്.