(പി ഡി ജോർജ് നടവയൽ)
ന്യൂ യോർക്ക്: ലോകത്തിലെ അതുല്യകലാകാരന്മാർ കലാ വിരുന്നുകൾ അവതരിപ്പിക്കുവാൻ കൊതിക്കുന്ന അന്താരാഷ്ട്ര കലാ വേദിയായ കാർണഗീ ഹാളിൽ ജനുവരി 22ന് ‘ത്രി അക്ഷാ കമ്പനി’, ‘ഭരതം അക്കാഡമി’ എന്നീ നൃത്തകലാ വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ ഭാരതീയ നർത്തകിമാരുടെ “ഓൾ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2022” അരങ്ങേറുന്നു. ഗുരു വിജീ റാവൂ, നിമ്മീ ദാസ് എന്നിവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തുന്നൂ.
കാർണഗീ ഹാളിൽ കലാവതരണത്തിന് അവസരം ലഭിക്കുക എന്നത് അതാരാഷ്ട്ര പുരസ്കാര നേട്ടത്തിനു തുല്യമാണ്. എല്ലാ വിഭാഗങ്ങളിലെയും ഏറ്റവും മികച്ച കലാകാരന്മാരുടെ അപാരമായ കലാ പ്രകടനം വർഷങ്ങളിലുടനീളം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച കാർണഗീ ഹാളിൽ കലാവതരണത്തിന് അവസരം ലഭിക്കുന്ന ഗുരു വിജീ റാവൂ, നിമ്മീ ദാസ് ടീമിൻ്റെ നൃത്തോത്സവത്തിൽ, ഇന്ത്യയിലെമ്പാടുമുള്ള ക്ലാസിക്കൽ, നാടോടി-സമകാലിക-നൃത്ത രൂപങ്ങൾ, ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗർബ, കൊരവങ്കി, കോലാട്ട എന്നിവ ഉൾപ്പെടെ അനുപമമായ നൃത്തരൂപങ്ങൾ ആവിഷ്ക്കരിക്കുന്നു. 2022 ജനുവരി 22-ന് കാർണഗീ ഹാളിലെ സ്റ്റേൺ ഓഡിറ്റോറിയം/പെരൽമാൻ സ്റ്റേജിൽ ഉച്ചയ്ക്ക് 2 മണി മുതൽ ഇന്ത്യൻ നൃത്തത്തിന്റെയും സംസ്‌കാരത്തിന്റെയും സമൃദ്ധി ആഘോഷിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
നിമ്മീ ദാസ് ഫിലഡൽഫിയയും വിജീ റാവൂ ഹാരിസ് ബർഗും ആസ്ഥാനമാക്കിയാണ് നൃത്തവിദ്യാലയങ്ങൾ നടത്തുന്നത്. ത്രി അക്ഷാ നൃത്ത വിദ്യാലയ ഉടമയായ വിജി റാവൂ ഫിലഡൽഫിയ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നൃത്താദ്ധ്യാപികയാണ്. ഭരതം ഡാൻസ് അക്കാഡമിയാണ് നിമ്മീ ദാസിൻ്റെ നൃത്തകലാ സ്ഥാപനം, നേഴ്സ് എഡ്യൂക്കെറ്ററാണ്.
“ശകുന്തളാ ആൻ്റ് ദ ലോസ്റ്റ് റിങ്ങ്” എന്ന നൃത്ത ശിൽപ്പമാണ് നിമ്മീ ദാസ് ടീം അവതരിപ്പിക്കുന്നത്. പ്രൊഫസ്സർ പ്രഭാ വർമ രചിച്ച ഗാനങ്ങൾക്ക് കല്ലറ ഗോപനാണ് സംഗീതം നൽകിയിരിക്കുന്നത്.
അമൂല്യമായ ചരിത്രം, അതിശയകരമായ ശബ്ദശാസ്ത്രം, വിവിധ കച്ചേരി ഹാളുകളുടെ സൗന്ദര്യം, ന്യൂയോർക്ക് സിറ്റിയിലെ സ്ഥാനം എന്നിവയിൽ വേരൂന്നിയ, കാർണഗീ ഹാൾ, ന്യൂയോർക്കിനെ, ലോകത്തിലെ മികച്ച സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായി ഉയർത്തുന്നതിൽ 1891-മുതൽ പ്രധാന പങ്ക് വഹിക്കുന്നു.
ആഗോള സംഗീത ശാഖയിൽ അനശ്വര വീചികൾ തീർത്ത, റൊമാന്റിക് കാലഘട്ടത്തിലെ റഷ്യൻ സംഗീതസംവിധായകനായിരുന്ന, പ്യോട്ടറോളീച്ച് ചൈക്കാസ്കി, ചെക്ക് സംഗീതജ്ഞൻ അൻ്റണിൻ ഡിവോഷാക്ക്, ആസ്റ്റ്റിയൻ സംഗീത സമ്രാട്ട് ഗുസ്റ്റാവ് മാളർ, ഹങ്കേറിയൻ കമ്പോസർ ബെലാ ബാർട്ടാക്ക്, അമേരിക്കൻ സംഗീതജ്ഞൻ ജോർജ് ഗിർഷ്വിൻ, അമേരിക്കൻ ഗായിക ബില്ലീ ഹോളിഡേ , അനശ്വര അമേരിക്കൻ ജാസ്സ് ആൻ്റ് ക്ളരിനെറ്റിസ്റ്റ് ബെന്നി ഗുഡ്‌മെൻ, പ്രശസ്ത അമേരിക്കൻ അഭിനേത്രിയും ഗായികയും നർത്തകിയും റേഡിയോ- ടെലിവിഷൻ അവതാരകയും ഹാസ്യകലാകാരിയുമായിരുന്ന ജൂഡി ഗാർലൻ്റ്, ഇംഗ്ളീഷ് റോക്ക് ബാൻ്റ് ദി ബീറ്റിൽസ് തുടങ്ങി അതിപ്രഗത്ഭരായ മഹാത്‌മാക്കൾ ദേവരാഗം തീർത്ത ദേവലോകമാണ് കാർണ്ണഗി ഹാൾ.
സ്കോറ്റിഷ് അമേരിക്കൻ സ്റ്റീൽ വ്യവസ്സായിയും കാരുണ്യപ്രവർത്തകനുമായിരുന്ന ആണ്ട്രൂ കാർണഗിയാണ് കാർണഗി ഹാളിൻ്റെ സ്ഥാപകൻ., വില്ല്യം ട ട് ഹിൽ എന്ന സെല്ലിസ്റ്റ് (വയലിൻ പോലുള്ള സംഗീത ഉപകരണ വാദകൻ) ആയിരുന്നു കാർണഗീ ഹാളിൻ്റെ ആർക്കിറ്റെക്റ്റ്. 1891ൽ നിർമ്മിതമായി. പിന്നീട് ന്യൂ യോർക്ക് സിറ്റി കൗൺസിലിൻ്റെ മേൽ നോട്ടത്തിലായി.
അഡ്രസ്സ്: Address: 881, 7th Ave, New York, NY 10019 (Midtown Manhattan in New York City. It is at 881 Seventh Avenue, occupying the east side of Seventh Avenue between West 56th and 57th Streets.).