മയാമി: മാധ്യമ പ്രവര്‍ത്തനത്തെ എന്നും വലിയ ബഹുമാനത്തോടെ കാണുന്നവരാണ് അമേരിക്കന്‍ മലയാളികള്‍. നല്ല മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകം മുഴുവനും ഉള്ള മനുഷ്യരുടെ നിലനില്പിന് അത്യാവശ്യമാണെന്ന് ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന് തകര്‍ച്ചയും തളര്‍ച്ചയും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പ്രസ് ക്ളബ് പോലെ ഒരു സംഘടന തന്നെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ ഉപജീവന മാര്‍ഗ്ഗമല്ല. ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ ചെയ്ത് അതിനിടയില്‍ കിട്ടുന്ന സമയമാണ് മാധ്യമ പ്രവര്‍ത്തനത്തിനായി അമേരിക്കന്‍ മലയാളികള്‍ നീക്കിവെക്കുന്നത്. മാധ്യമരംഗത്തോടുള്ള താല്പര്യമാണ് അതിന് കാരണം. ശക്തമായ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കുക തന്നെ വേണം. വലിയ ഭീഷണികള്‍ക്ക് മുന്നിലും ദുരന്തമുഖങ്ങളിലും പതറാതെ നിന്ന് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവ് അറിയിക്കുന്നുവെന്നുവെന്നും ബിജു കിഴക്കേക്കൂറ്റ് പറഞ്ഞു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
