ഷാജീ രാമപുരം
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ 71-ാം ജന്മദിനമായ ഡിസംബര്‍ 5 ഞായറാഴ്ച വൈകിട്ട് 6.30 ന് സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റിയുടെയും, ഡാളസ് ക്രോസ്സ് വേ മാര്‍ത്തോമ്മാ ഇടവകയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വെച്ച് ജന്മദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

വെരി. റവ. ഡോ. ചെറിയാന്‍ തോമസ്, റവ. തോമസ് മാത്യു പി, റവ. എബ്രഹാം കുരുവിള, റവ. ലാറി വര്‍ഗീസ് എന്നി വൈദികരെ കൂടാതെ സഭയുടെ വിവിധ സംഘടനകളുടെ ഭദ്രാസന സെക്രട്ടറിമാരായ ഈശോ മാളിയേക്കല്‍, സാം അലക്‌സ്, ബിജി ജോബി എന്നിവരും റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റി സെക്രട്ടറി എബി ജോര്‍ജ്, ഭദ്രാസന അസംബ്ലി അംഗങ്ങള്‍ ആയ ജോജി കോശി, ഷേര്‍ളി എബ്രഹാം, ജിബിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അശരണരുടെയും, ആലംബഹീനരുടെയും, രോഗികളുടെയും ഉന്നമനത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ സപ്തതിയുടെ ഭാഗമായി റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ നേറ്റിവ് അമേരിക്കന്‍ വിഭാഗത്തില്‍പ്പെട്ട ചോക്‌റ്റോ ആദിവാസികളുടെ മക്കള്‍ക്ക് പഠനത്തിനായി ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് സപ്തതി സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടാതെ ക്രോസ്സ് വേ മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ അഫ്ഘാനിസ്ഥാന്‍ അഭയാത്രികളെ സഹായിക്കുവാനായി അഫ്ഘാന്‍ കെയര്‍ പ്രോഗ്രാമിനും തുടക്കം കുറിച്ചു.
സൗത്ത് വെസ്റ്റ് റീജിയണിലെ സെന്റര്‍ എ യില്‍പ്പെട്ട മാര്‍ത്തോമ്മാ ഇടവകളിലെ ക്ഷണിക്കപ്പെട്ട അതിഥികളുടെ നിറസാന്നിധ്യത്തില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട ജന്മദിന കേക്ക് മുറിച്ച് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് മധുരം പങ്കുവെച്ചു. ഡിന്നറോടുകൂടി നടത്തപ്പെട്ട സമ്മേളനത്തില്‍ ഡാളസിലെ പ്രശസ്ത ഗായകരായ അലക്‌സ് പാപ്പച്ചന്‍, സൂജ ഡേവിഡ്, സെല്‍വിന്‍ സ്റ്റാന്‍ലി എന്നിവരുടെ ശ്രുതി മധുരമായ ഗാനങ്ങള്‍ നിറപകിട്ടേകി.
ഡാളസിലെ മിക്ക മാര്‍ത്തോമ്മാ ഇടവകകളും സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയും, ആദ്യമായി കുര്‍ബ്ബാന കൈക്കൊള്ളുന്ന കുഞ്ഞുങ്ങളുടെ ശുശ്രുഷയും നടത്തിയ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ഏവര്‍ക്കും ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍ നേര്‍ന്നു.