അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനെട്ടിന് നടക്കും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ പത്തരക്കാണ് പരിപാടി . നവംബർ ആറിന് നടന്ന വാർഷിക പൊതു സമ്മേളനത്തിൽ 2021-2023 വർഷത്തേക്കുള്ള പുതിയ ദേശീയ എക്സിക്യൂട്ടീവ് ചുമതലയേറ്റിരുന്നു.
ഇതിനു ശേഷമുള്ള അലയുടെ ആദ്യ പരിപാടിയാണിത്. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. നടൻ ഇന്ദ്രൻസ് ആശംസകൾ അർപ്പിക്കും. ദേശീയ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ അല പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട് വിരുന്ന് നടക്കും.
നാടൻ പാട്ട്, പടയണി, മുടിയാട്ടം എന്നിവയടക്കമുള്ള കലാരൂപങ്ങളാണ് കരിന്തലക്കൂട്ടം വിർച്വലായി അവതരിപ്പിക്കുക. കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ രണ്ടു വർഷം അല നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അലയുടെ പുതിയ ദേശീയ എക്സിക്യൂട്ടീവും ലക്ഷമിടുന്നത്. നാട്ടിലെ കലാരൂപങ്ങളെ അതേരീതിയിൽ അമേരിക്കയിലെ മലയാളികൾക്കിടയിലും എത്തിക്കാനുള്ള ശ്രമം കൂടിയാണ് അല ഇപ്പോൾ നടത്തുന്നത്.