കെല്‍ക്കൊത്ത :പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന് യു.ആര്‍.എഫ് ലോക റിക്കോര്‍ഡ്. ”ഒരു ദിവസം ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്ത ”തിനുള്ള അംഗികാരമായിട്ടാണ് ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചത്.
യു. ആര്‍.എഫ് വേള്‍ഡ് റിക്കാര്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ.സൗദീപ് ചാറ്റര്‍ജി , അന്തര്‍ ദേശീയ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ്, അംബാസിഡര്‍ ഡോ. ബെര്‍നാള്‍ഡ് ഹോളെ (ജര്‍മനി),
ഏഷ്യന്‍ ജൂറി ഡോ :ജോണ്‍സണ്‍. വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് റിക്കോര്‍ഡിന് പരിഗണിച്ചത്.ജനുവരി ആദ്യ ആഴ്ചയില്‍ സര്‍ട്ടിഫിക്കറ്റും,അംഗികാര മുദ്രയും സമ്മാനിക്കും.
മാവേലിക്കര ചാരുംമൂട് കാരൂര്‍ സാമുവേല്‍ – റെയിച്ചല്‍ ദമ്പതികളുടെ മകനായ ദാനിയേല്‍ സാമുവേല്‍, കാരൂര്‍ സോമന്‍ എന്ന തൂലിക നാമത്തില്‍ അറിയപെടുന്നു.ലണ്ടനില്‍ സ്ഥിരതാമസക്കാരനാണ്. ഹൈ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങള്‍ വഴിയും ‘ബാലരമ’യില്‍ കവിതകള്‍ എഴുതിയുമാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിച്ചത്.
നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാല നോവല്‍, ഇംഗ്ലീഷ് നോവല്‍, ഇംഗ്ലീഷ് കഥകള്‍,കഥ, ചരിത്ര കഥ, കവിത, ഗാനം, ലേഖനം, യാത്ര വിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത- സാങ്കേതിക- കായിക -ടൂറിസം രംഗത്ത് അറുപത്തി മൂന്ന് കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്.
ഇത് മലയാളത്തിലും ആഗോളതലത്തിലും ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ ‘യുക്മ’യുടെ കലാ സാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്റര്‍ ആണ്.ഇതിനോടകം മുപ്പത്തിയെട്ട് രാജ്യങ്ങള്‍ സഞ്ചരിച്ചു. ആമസോണ്‍ ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചു.ഭാര്യ :ഓമന തീയാട്ടുകുന്നേല്‍,
മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.