ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി 19കാരന്റെ അര്‍ധരാത്രിയിലെ ഓട്ടം. രാജ്യതലസ്ഥാനത്തിന് അടുത്ത് നോയ്ഡയില്‍ ജോലി സ്ഥലത്തുനിന്ന് ദിവസവും 10 കിലോമീറ്റര്‍ ഓടുന്ന പ്രദീപ് മെഹ്‌റയെന്ന 19കാരനാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് ഞായറാഴ്ച പ്രദീപ് മെഹ്‌റയുടെ ഓട്ടത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. നാലുമണിക്കൂറില്‍ 12 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഇപ്പോഴത് 50 ലക്ഷം പേർ കണ്ടുകഴിഞ്ഞതായി കാപ്രി പറയുന്നു.
നോയ്ഡയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏറെ ദൂരം ഓടിക്കൊണ്ടിരിക്കുന്ന യുവാവ് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും കയറാന്‍ കൂട്ടാക്കാതെ ഓട്ടം തുടര്‍ന്ന പ്രദീപിനോട് എന്തിന് ഇങ്ങനെ ഓടുന്നു എന്ന് വിനോദ് ചോദിച്ചറിയുകയായിരുന്നു . ഓട്ടം നിര്‍ത്താതെ തന്നെ പ്രദീപ് തന്നോടൊപ്പം നീങ്ങുന്ന കാറിലിരിക്കുന്ന വിനോദിനോട് കഥ വിവരിക്കുന്നത് വീഡിയോയിൽ കാണാം . നോയ്ഡ സെക്ടര്‍ 16ലെ മക്‌ഡൊനള്‍ഡ്‌സിലാണ് പ്രദീപ് മെഹ്‌റ ജോലിചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. നോയ്ഡയിലെ ബറോലയിലാണ് താമസം. സെക്ടര്‍ 16ല്‍ നിന്ന് ജോലികഴിഞ്ഞ് ദിവസവും 10 കിലോമീറ്റര്‍ ഓടിയാണ് പ്രദീപ് ബറോലയിലെ താമസസ്ഥലത്തെത്തുന്നത്. അവിടെ മൂത്ത സഹോദരനൊപ്പമാണ് താമസം. അമ്മ ആശുപത്രിയിലായതിനാല്‍ ആഹാരമുണ്ടാക്കണം. രാവിലെ വ്യായാമം ചെയ്യാന്‍ സമയമില്ലെന്നും അതിനാലാണ് രാത്രി ഓടുന്നതെന്നും പ്രദീപ് പറയുന്നു.
പതിവായി ഇങ്ങനെ ഓടുന്നത് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനുള്ള ശാരീരിക ക്ഷമത ഉറപ്പാക്കാനാണെന്ന് പ്രദീപ് പറയുന്നു.
പ്രദീപിന്റെ സംസാരത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച വിനോദ് ഒരിക്കല്‍ കൂടി കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ബാക്കി രാവിലെ ഓടാമെന്നും പറഞ്ഞുനോക്കി. കിലോമീറ്ററുകള്‍ ഓടി വിയര്‍പ്പില്‍ കുളിച്ചുപോയിട്ടും കാറില്‍ കയറാന്‍ പ്രദീപ് തയ്യാറായില്ല. മറ്റൊരു സമയം തനിക്ക് ഓടാനായി ലഭിക്കില്ലെന്നും ഇപ്പോഴെ സമയം കിട്ടൂ എന്നുമായിരുന്നു പ്രദീപിന്റെ മറുപടി.
വീഡിയോ പിടിക്കുന്നുണ്ടെന്നും ഇത് വൈറലാവുമെന്നും വിനോദ് പറഞ്ഞപ്പോള്‍, തന്നെ ആര് തിരിച്ചറിയാനാണ്, വൈറലാവുമെങ്കില്‍ ആയിക്കോട്ടെ, താന്‍ തെറ്റൊന്നും കാണിച്ചിട്ടില്ലല്ലോ എന്ന് പ്രദീപ് പറഞ്ഞു.
വിനോദ് ഡിന്നര്‍ ഓഫര്‍ ചെയ്‌തെങ്കിലും വീട്ടിൽ താമസസ്ഥലത്ത് പോയി ഭക്ഷണമുണ്ടാക്കിയില്ലെങ്കില്‍ സഹോദരന്‍ പട്ടിണിയിലാവുമെന്നായിരുന്നു പ്രദീപിന്റെ മറുപടി. സഹോദരന് രാത്രി ഷിഫ്റ്റിലാണ് ജോലി, ഭക്ഷണമുണ്ടാക്കാന്‍ സമയം കിട്ടില്ല എന്നും പ്രദീപ് പറഞ്ഞു. ഈ ഓട്ടവും സംഭാഷണവും ചിത്രീകരിച്ച് .’നിങ്ങളുടെ പ്രചോദനം ഉയര്‍ത്താന്‍ ഈ വീഡിയോ കാണുക’ എന്ന അടിക്കുറിപ്പോടെ വിനോദ് കാപ്രി ഞായറാഴ്ച വൈകീട്ട് ആറരയ്ക്കാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്
പ്രദീപ് മെഹ്‌റയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെയും പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാനുള്ള മനോഭാവത്തെയും സോഷ്യല്‍ മീഡിയയില്‍ പലരും ബഹുമാനിക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിനിമാ നിര്‍മാതാവ് മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെത്തി 19 കാരനെ വീണ്ടും കണ്ടു.