ഭോപ്പാല്‍; വിവാഹമോചനം ആഘോഷിക്കാനൊരുങ്ങി ഒരു കൂട്ടം ചെറുപ്പക്കാര്‍ . ഇതിനായി നാട്ടുകാരെ ചടങ്ങിലേക്ക് ക്ഷണിച്ചു ക്ഷണക്കത്തും തയ്യാറാക്കി . ക്ഷണക്കത്ത് വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഭോപ്പാലില്‍ ആണ് 18 പുരുഷന്മാര് ചേര്‍ന്ന് ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ വിവാഹമോചനം ആഘോഷമാക്കുന്നത്.
വിവാഹമോചനത്തിനായി ദീര്‍ഘകാല നിയമ പോരാട്ടങ്ങള്‍ സഹിച്ച 18 പുരുഷന്മാര്ക്ക് വേണ്ടിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവാഹത്തിനപ്പുറമുള്ള ഒരു ജീവിതമുണ്ട്. അതിന്റെ സ്വീകാര്യതയും അത്തരത്തിലുള്ള ജീവിതം തുടരാന്‍ ആളുകളെ പ്രചോദിപ്പിക്കാനും ഉദ്ദേശിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
ഭായ് വെല്‍ഫെയര്‍ സൊസൈറ്റി ദാമ്ബത്യ കാര്യങ്ങളില്‍ പുരുഷന്മാര്ക്കെതിരായ അനീതിക്കെതിരെ പോരാടുന്ന സംഘടനയാണ്.സ്ത്രീധനം, ഗാര്‍ഹിക പീഡനം, എന്നീ കേസുകളില്പ്പെട്ടാണ് പുരുഷന്മാര് നിയമപോരാട്ടം നടത്തിയത്.
സെപ്റ്റംബര്‍ 18-ന് ആണ് ആഘോഷം നടക്കുന്നത്. ഇതിനായി എന്‍ജിഒ രൂപകല്പന ചെയ്ത “വിവാഹമോചന ക്ഷണക്കത്ത്” ആണ് സംഭവം ചര്‍ച്ചയാവാന്‍ കാരണം. ആഘോഷത്തില്‍ എന്തൊക്കെ പരിപാടികള്‍ നടക്കുമെന്നും ക്ഷണക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
ജയമാല വിസര്‍ജന്‍ (വിവാഹ മാല നിമഞ്ജനം), പുരുഷന്മാരുടെ സംഗീതം, സാമൂഹിക സേവനത്തിനായുള്ള പ്രതിജ്ഞ, മനഃസാക്ഷിയെ ശുദ്ധീകരിക്കുന്നതിനുള്ള പവിത്രമായ അഗ്നി ആചാരം എന്നിവ ആഘോഷപരിപാടിയില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ പുരുഷന്മാര് സാമ്ബത്തികവും സാമൂഹികവും മാനസികവും കുടുംബപരവുമായ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്നാണ് സമൂഹത്തോട് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
“ഞങ്ങളുടെ സംഘടന ഇത്തരക്കാരുടെ കേസുകള്‍ക്കുവേണ്ടി പോരാടുന്നു. ജീവിതം ദുസ്സഹമാക്കിയ വിവാഹത്തില്‍ നിന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 18 പുരുഷന്മാര് മോചിതരായി. ഹെല്‍പ്പ് ലൈനിലൂടെ അവരെ മാനസികമായി ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്കായി,” സംഘാടക സമിതി അംഗം സാക്കി അഹമ്മദ് പറഞ്ഞു