ലണ്ടൻ: ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി പാരീസ്. ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പട്ടികയിലാണ് തുടര്‍ച്ചയായ നാലാം തവണയും പാരീസ് നഗരം ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക-വാണിജ്യ സൂചികകള്‍, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങള്‍, ഭംഗി എന്നിവയെല്ലാം വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
മാഡ്രിഡ് രണ്ടാം സ്ഥാനവും ടോക്കിയോ മൂന്നാം സ്ഥാനവും റോം, മിലാന്‍, ന്യൂയോര്‍ക്ക്, ആംസ്റ്റര്‍ഡാം, സിഡ്‌നി, സിംഗപ്പൂര്‍, ബാഴ്‌സലോണ എന്നീ നഗരങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും സ്വന്തമാക്കി. പട്ടികയില്‍ 74-ാം സ്ഥാനത്തുള്ള ഡല്‍ഹി ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ നഗരമായി മാറി. ഇത്തവണ പട്ടികയില്‍ കൂടുതല്‍ യൂറോപ്യന്‍ ഇതര നഗരങ്ങള്‍ ഇടം നേടിയത് ശ്രദ്ദേയമായി.
കെയ്‌റോയാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്. ചൈനീസ് നഗരമായ ജുഹായ് 99-ാം സ്ഥാനത്തും ജെറുസലേം 98-ാം സ്ഥാനത്തുമാണ്. ടൂറിസം ട്രെന്‍ഡ് വര്‍ധിച്ചതോടെ 2024-ല്‍ സഞ്ചാരി പ്രവാഹത്തില്‍ ആഗോളതലത്തില്‍ 19 ശതമാനം വര്‍ധനയുണ്ടായി. യൂറോപ്പാണ് സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശം. അതേസമയം അമിതടൂറിസം മൂലമുള്ള ഭീഷണികള്‍ പല നഗരങ്ങളും നേരിടുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു.
1.9 ട്രില്യണ്‍ ഡോളറാണ് 2024-ല്‍ ടൂറിസം മേഖലയില്‍ ചിലവഴിക്കപ്പെട്ടത്. സാമ്പത്തിക വ്യാപാര മേഖലകളിലെ പ്രകടനത്തില്‍ ഇത്തവണയും സിംഗപ്പുര്‍ മുന്നിലെത്തി. രാജ്യാന്തര ആഗമനങ്ങളുടെ കണക്കില്‍ 2024-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച നഗരമായി ബാങ്കോക്ക് മാറി. 2024-ല്‍ 32 ദശലക്ഷം ആളുകളാണ് ബാങ്കോക്കിലേക്ക് എത്തിയത്. തൊട്ടുപിന്നില്‍ ഇസ്താംബുള്‍ (23 ദശലക്ഷം), ലണ്ടന്‍ (21.7 ദശലക്ഷം), ഹോങ്കോംഗ് (20.5 ദശലക്ഷം), മക്ക (19.3 ദശലക്ഷം) എന്നീ നഗരങ്ങളുമുണ്ട്.