മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി.
ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചത്. എക്സ്-റേ റിപ്പോർട്ട് കണ്ട് എല്ലാവരും ഞെട്ടി. ലോഹത്തിന്‍റെ ഒരു ചെറു സ്പ്രിങ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി. കൂടുതൽ വ്യക്തതക്കായി സി.ടി സ്കാനിനും വിധേയയായി 34കാരി. തുടർന്ന്, 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലും വിശകലനങ്ങളിലുമാണ് സംഭവം വ്യക്തമായത്. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചിരുന്നു. ത്രോംബോബോളിസത്തിൽനിന്ന് മുക്തി നേടാൻ ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ ഇത് നീങ്ങിയതാണെന്നും സ്ഥിരീകരിക്കപ്പെട്ടു.