ലാഹോര്‍: ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാനായി പാക്കിസ്ഥാനിലെത്തിയ യുവാവ് ജയിലിലായി. യുവാവ് പാക്കിസ്ഥാനിലെത്തിയപ്പോള്‍ യുവതി വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്നു പറഞ്ഞതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശുകാരനായ 30 കാരന്‍ പാക്കിസ്ഥാനിലെ ജയിലില്‍ ആയത്.
ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ബാദല്‍ ബാബുവിനെ കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെ മണ്ടി ബഹാവുദ്ദീന്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി അതിര്‍ത്തി കടന്നതിനാണ് പൊലീസ് നടപടി. ബാബുവിന്റെ ഫെയ്സ്ബുക്ക് സുഹൃത്ത് സന റാണിയുടെ (21) മൊഴി പൊലീസ് രേഖപ്പെടുത്തു. ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സന മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷമായി സനയും ബാബുവും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ്. എന്നാല്‍ ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സന മൊഴി നല്‍കിയത്’- പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥന്‍ നാസിര്‍ ഷാ വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു. ബാബു നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് മണ്ടി ബഹാവുദ്ദീനിലെ സന റാണിയുടെ മൗങ് ഗ്രാമത്തിലെത്തിയെന്നും അവിടെവെച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നും നാസിര്‍ ഷാ പറഞ്ഞു.സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ ബാബുവിനെ വിവാഹം കഴിക്കാന്‍ സന വിസമ്മതിച്ചത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അറസ്റ്റിന് ശേഷമാണ് ബാബു തന്റെ ‘പ്രണയകഥ’ പൊലീസിനോട് പറഞ്ഞത്. നിയമപരമായ രേഖകളൊന്നുമില്ലാതെ യാത്ര ചെയ്തതിന് പാകിസ്ഥാന്‍ വിദേശകാര്യ നിയമം സെക്ഷന്‍ 13, 14 പ്രകാരമാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.