രാജ്യത്ത് ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ വരുത്തി സ്വിറ്റ്‌സര്‍ലാന്റ്. 2025 ജനുവരി ഒന്ന് മുതലാണ് ബുര്‍ഖ നിരോധനം പ്രാബല്യത്തിലായത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും അടക്കമുള്ള മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണയായി മുസ്ലീം സ്ത്രീകളാണ് ഇത്തരം മുഖാവരണങ്ങള്‍ ധരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് (94,651 രൂപ)വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ നിയമപ്രകാരമുള്ള നിരോധനം
പൊതുസ്ഥലങ്ങളില്‍ മൂക്ക്, വായ, കണ്ണ് എന്നിവ മറയ്ക്കുന്ന മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രോഗബാധിതര്‍ മാസ്‌ക് ധരിക്കുന്നതിന് വിലക്കില്ല. കൂടാതെ കാലാവസ്ഥ വ്യതിയാനത്താല്‍ മുഖം മറയ്‌ക്കേണ്ട സാഹചര്യങ്ങളിലും മുഖാവരണം ധരിക്കാവുന്നതാണ്. കൂടാതെ ആരാധനാലയങ്ങള്‍, പരമ്പരാഗതമായ ആചാരങ്ങള്‍, കലാപരമായ പരിപാടികള്‍ തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കും. വിമാനങ്ങളിലെ യാത്ര, നയതന്ത്രപരിസരങ്ങള്‍, പൊതു സമ്മേളനങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.