ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. സാഹചര്യം കൃത്യമായി നിരീക്ഷിക്കുകയാണെന്നും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിബറ്റിൽ അതിർത്തിക്കുസമീപം ചൈന അണക്കെട്ട് നിർമിക്കുന്നത് സുരക്ഷാ ആശങ്കയിലാഴ്ത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
യാർലങ് സാങ്‌പോ നദിക്കു കുറുകെ അണക്കെട്ടുപണിയുന്നതുമായി ബന്ധപ്പെട്ട വാർത്ത അറിയാനിടയായെന്നും ഇക്കാര്യത്തിലുള്ള ആശങ്ക ചൈനയെ അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നദിയിലെ ജലം ഉപയോഗിക്കാന്‍ അവകാശമുള്ള രാജ്യമെന്ന നിലയില്‍ ഈ മെഗാ പ്രോജക്ട് സംബന്ധിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും നയതന്ത്രതലം വഴിയും മറ്റും ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് രണ്‍ദീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കുന്നതിനോടൊപ്പം മറ്റു രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റേയും പദ്ധതി സുതാര്യമാക്കേണ്ടതിന്റെ ആവശ്യകതയും ചൈനയെ അറിയിച്ചിട്ടുണ്ട്. ബ്രഹ്‌മപുത്രയുടെ താഴ്ഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്നും ചൈന ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ച് തങ്ങളുടെ താത്പര്യത്തിനനുസൃതമായ നടപടികള്‍ കൈക്കൊള്ളും.- രണ്‍ദീര്‍ കൂട്ടിച്ചേർത്തു.
അതേസമയം പദ്ധതിയിൽ ആശങ്ക വേണ്ടെന്നാണ് ചൈന പറയുന്നത്. അണക്കെട്ട് നദീതീരപ്രദേശങ്ങൾക്കോ താഴ്‍വാരങ്ങൾക്കോ സുരക്ഷാഭീഷണിയാകില്ലെന്നാണ് ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് പ്രതികരിച്ചത്. പാരിസ്ഥിതിക സുരക്ഷാ ആഘാതങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളോളം പഠിച്ചശേഷമാണ് പദ്ധതി വിഭാവനം ചെയ്തതെന്നും കരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും നിങ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ നിർമിതിയെന്നവകാശപ്പെടുന്ന വൈദ്യുതപദ്ധതി യാർലങ് സാങ്‌പോ നദിക്കു (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) കുറുകെ പണിയാൻ ചൈനീസ് സർക്കാർ അനുമതിനൽകിയത്. 13,700 കോടി ഡോളറാണ് (11.67 ലക്ഷം കോടിയോളം) ചെലവ് കണക്കാക്കുന്നത്. ബ്രഹ്മപുത്രനദി അരുണാചൽപ്രദേശിലേക്കും ബംഗ്ലാദേശിലേക്കും കടക്കുന്ന ഹിമാലയൻപ്രദേശത്തെ മലയിടുക്കിലാണ് അണക്കെട്ട് നിർമിക്കുന്നത്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി തുടർച്ചയായി ഭൂകമ്പങ്ങളനുഭവപ്പെടുന്ന പ്രദേശമാണ്. ഇവിടെ ഭീമൻ അണക്കെട്ടുപണിയുന്നത് പാരിസ്ഥിതികാഘാതത്തിനും ഭൂകമ്പത്തിനും ആക്കംകൂട്ടുമെന്നതാണ് ആശങ്ക.