തമിഴ്‌നാട്ടിലും കര്‍ണാടകയിലും എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം. ആളുകൾ കൂട്ടമായി എത്തുന്ന ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ രണ്ട് നവജാത ശിശുക്കള്‍ക്ക് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജാഗ്രത ആവശ്യമാണെങ്കിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കാലത്തെ സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാപനം കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.
തമിഴ്‌നാട്ടില്‍ നീലഗിരി ജില്ലയില്‍ പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി. കര്‍ണാടകയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി ഭവ് തന്ത്രി അറിയിച്ചു. നിലവില്‍ കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവടങ്ങളിലായി കഴിഞ്ഞ ദിവസം എട്ട് കുട്ടികളിലാണ് എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കര്‍ണാടകയുടെയും കേരളത്തിന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നീലഗിരി. ഇവിടേക്ക് പ്രതിനിധം നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ എച്ച്എംപിവി പടരുന്ന ഈ സമയത്ത് മാത്രമല്ല, പനിയും മറ്റും കൂടുതലായി പടരുന്ന സമയത്തും മാസ്‌ക് ധരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ അത് അനുസരിച്ച് മറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
എച്ച്എംപിവി വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതിന് ശേഷം രാജ്യത്തുടനീളം ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ച് വരികയാണ്.
എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡ് 19 കാലത്തിന് സമാനമായ രീതിയില്‍ കൈകളും മറ്റും വൃത്തിയാക്കി വയ്ക്കാന്‍ ആന്ധ്രാപ്രദേശ് പൊതുജനാരോഗ്യം, കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ. പദ്മാവതി അഭ്യര്‍ത്ഥിച്ചു. അതേസമയം, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു. ആളുകള്‍ കൂടുതലായി എത്തുന്ന ഇടങ്ങളില്‍ മാസ്‌ക് ധരിക്കാനും ജനങ്ങളോട് അവര്‍ ആവശ്യപ്പെട്ടു.
യുഎസിലെ എട്ട് സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഫ്‌ളൂ, കോവിഡ്, ആര്‍എസ് വ, നോറോ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ തണുപ്പുകാലം തുടങ്ങിയതിന് ശേഷം 1.5 കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 30,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ എത്തുന്നവരും ആശുപത്രി അധികൃതരും ഫെയ്‌സ്മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലീന, മസാച്യുസെറ്റ്‌സ്, വിസ്‌കോണ്‍സിന്‍, കാലിഫോര്‍ണിയ, ഇല്ലിനോയിസ്, ഇന്ത്യാന, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.