ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനൽ പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോയി. കരൾ, വൃക്ക, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായാണ് പോകുന്നതെന്ന് ഖാലിദ സിയയുടെ ഡോക്ട്‌ടർ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി ബംഗ്ലദേശിനു പുറത്തേക്കു പോകാൻ വഴിയൊരുങ്ങിയത്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന ഖാലിദ സിയയ്ക്ക് ഷെയ്ഖ് ഹസീന സർക്കാർ യാത്രാനുമതി നിഷേധിച്ചിരുന്നു.
ഖത്തർ അയച്ച പ്രത്യേക എയർ ആംബുലൻസിലാണ് യാത്ര. ഖാലിദയെ യാത്രയാക്കാൻ പാർട്ടി പ്രവർത്തകർ അടങ്ങുന്ന വൻ ജനക്കൂട്ടമാണ് എത്തിയത്. വീട്ടിൽ നിന്നു വിമാനത്താവളം വരെയുള്ള 10 കിലോമീറ്റർ പിന്നിടാൻ ഖാലിദയുടെ കാർ മൂന്നു മണിക്കൂർ എടുത്തു. ഖാലിദയുടെ യാത്ര ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ചെയ്.
ബംഗ്ലദേശ് രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഖാലിദയുടെ യാത്ര. ഇടക്കാല സർക്കാരിനോട് ഈ വർഷം തിരഞ്ഞെടുപ്പു നടത്തണമെന്ന് ഖാലിദയുടെ പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം അവസാനമോ അടുത്ത വർഷമോ തിരഞ്ഞെടുപ്പു നടത്താനാണ് ഇടക്കാല സർക്കാരിന്റെ തീരുമാനം. ഖാലിദയുടെ മകനും പാർട്ടി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ് മാൻ ലണ്ടനിലാണ്.