വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ (The UAE). തീവ്രവാദം, വിദ്വേഷപ്രചരണം, വിവേചനം എന്നിവ രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമപരിഷ്‌കാരവുമായി യുഎഇ രംഗത്തെത്തിയത്.
പുതിയ നിയമമനുസരിച്ച് വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്ക് 5,00,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം (2,33,83,480 കോടിരൂപ) വരെ പിഴയും ഒരുവര്‍ഷം തടവും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷയുറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തി. യുഎഇ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ വിദ്വേഷ പ്രസംഗം പ്രോത്സാപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഏത് തരത്തിലുള്ള വിദ്വേഷപ്രസംഗവും, വിവേചനവും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സാമൂഹിക ഐക്യം ഉറപ്പുവരുത്താനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രകോപനപരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുന്നതിനുമാണ് പുതിയ നിയമത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.