ലണ്ടന്‍: മഞ്ഞും മഴയും കനത്തതിനൊപ്പം ബ്രിട്ടനില്‍ ഫ്‌ളൂ ബാധിതരുടെ എണ്ണവും ദിവസേന വര്‍ധിക്കുന്നു. പനിക്ക് ചികിത്സതേടി ദിവസേന എന്‍.എച്ച്.എസ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം 5400 ആയെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചത്തേക്കാള്‍ ആയിരം പേരാണ് ദിവസവും അധികമായി സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നത്.
എന്‍.എച്ച്.എസ് ഇംഗ്ലണ്ടിലെ ഇരുപതു ട്രസ്റ്റുകളില്‍ രോഗികളുടെ ബാഹുല്യം മൂലം ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസും സമാനമാായി ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു. സ്‌കോട്ട്‌ലന്‍ഡിലും സമാനമായ സാഹചര്യമാണെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി സാക്ഷ്യപ്പെടുത്തുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലെ സ്ഥിതി കോവിഡ് കാലത്തേതിന് സമാനമാണെന്ന് എന്‍.എച്ച്.എസ്. ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രഫ. സര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.
നേരത്തെ പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫ്‌ലൂ ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 2023ലേതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് എന്‍.എച്ച്.എസ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.