കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സാദിഖലി തങ്ങൾ ക്രൈസ്തവ ആചാരങ്ങളുടെ ഭാഗമാകുന്നതിലാണ് വിമർശനം ഉന്നയിച്ചത്. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ ശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് വിമർശനം. സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരിലാണ് സമസ്ത നേതാവ് പാണക്കാട് തങ്ങൾക്കെതിരെ തിരിഞ്ഞത്. വൈലത്തൂരിൽ നടന്ന എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിലായിരുന്നു ഹമീദ് ഫൈസിയുടെ വിമർശനം.
ജമാഅത്ത് ഇസ്ലാമിയെയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിക്കുന്നുണ്ട്. പിഎംഎ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിയതിനു പിന്നിലും ചരട് വലിച്ചത് ജമാഅത്തെ ഇസ്ലാമിയെന്നാണ് കുറ്റപ്പെടുത്തൽ. സമസ്തയിൽ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി. മുസ്ലീംലീഗിനും സമസ്തക്കും ഇടയിൽ ജമാഅത്തെ ഇസ്ലാമി വിള്ളലുണ്ടാക്കി. മുസ്ലീം ലീഗിനെ പിളർത്തി ഐഎൻഎൽ ഉണ്ടാക്കിയതിൽ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിനും സിമിയുടെ കോഴിക്കോടുള്ള ആസ്ഥാനമായ ഇസ്ലാമിക് യൂത്ത് സെന്ററിനും പങ്കുണ്ട്.
അന്ന് ഐഎൻഎൽ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് സിമി നേതാവായിരുന്ന എം എ വഹാബിനെ നിർദേശിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും ഹമീദ് ഫൈസി പറഞ്ഞു. സമസ്തയിൽ ലീഗ് വിരുദ്ധ വിഭാഗം ഉണ്ടെന്ന് ആദ്യമായി ആരോപിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ജാഗ്രതയോടുകൂടി കൈകാര്യം ചെയ്യണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.