ജനങ്ങള്‍ രോഗബാധിതരാകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറ്റലിയിലെ കാലബ്രിയയിലെ ഒരു ചെറിയ ഗ്രാമമായ ബെല്‍കാസ്‌ട്രോ. ഗ്രാമത്തിന്റെ മേയറാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. വൈദ്യസഹായം ആവശ്യമുള്ള രോഗങ്ങള്‍, പ്രത്യേകിച്ച് അടിയന്തര ചികിത്സ ആവശ്യമായുള്ള രോഗങ്ങള്‍ പിടിപെടുന്നത് ഒഴിവാക്കണമെന്നാണ് മേയര്‍ അന്റോണിയോ ടോര്‍ച്ചിയ നല്‍കിയ ഉത്തരവില്‍ പറയുന്നത്. ജനങ്ങള്‍ ശരീരത്തിന് അപകടം വരാന്‍ സാധ്യതയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.
ഗ്രാമത്തിലെ ആരോഗ്യമേഖലയുടെ അപര്യാപ്ത ലോകത്തെ അറിയിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനും വേണ്ടിയാണ് ഇത്തരമൊരു പ്രതീകാത്മക ഉത്തരവ് പുറത്തിറക്കിയതെന്നാണ് മേയര്‍ പറയുന്നത്. 1200ലധികം പേരാണ് ഗ്രാമത്തില്‍ ഇപ്പോള്‍ താമസിക്കുന്നത്. അതില്‍ പകുതിയിലേറെ പേരും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
ഏറ്റവുമടുത്തുള്ള അടിയന്തര ചികിത്സാകേന്ദ്രം 45 കിലോമീറ്റര്‍ അകലെയുള്ള കാറ്റന്‍സാരോയിലാണ്. അടിയന്തര സാഹചര്യങ്ങളില്‍ റോഡുമാര്‍ഗം നിശ്ചിത സ്പീഡ് ലിമിറ്റ് പാലിച്ചുവേണം അവിടേക്ക് എത്തിച്ചേരാന്‍ എന്നും മേയര്‍ പറഞ്ഞു. ഗ്രാമത്തിലെ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യങ്ങളിലോ അവധി ദിനങ്ങളിലോ ഈ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
’’ ഈ ഉത്തരവ് ആരെയും പ്രകോപിപ്പിക്കാനല്ല. സഹായത്തിനായുള്ള ഞങ്ങളുടെ നിലവിളിയാണ്,’’ മേയര്‍ പറഞ്ഞു. ബെല്‍കാസ്‌ട്രോയിലെ ആരോഗ്യമേഖലയിലെ അപര്യാപ്തകള്‍ പരിഹരിക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ലഭിക്കുന്നത് വരെ താന്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സാമൂഹിക-സാമ്പത്തിക വെല്ലുവിളി നേരിടുന്ന പ്രദേശമാണ് കാലബ്രിയ. 2009ന് ശേഷം സാമ്പത്തികപ്രതിസന്ധികള്‍ കാരണം 18 ആശുപത്രികളാണ് ഈ പ്രദേശത്ത് അടച്ചുപൂട്ടിയത്. ഇതോടെ പ്രദേശവാസികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ലഭിക്കാതെയായി. അടിയന്തര സേവനങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഗ്രാമങ്ങളും പട്ടണങ്ങളും ഇല്ലാതാകുമെന്ന് മേയര്‍ അന്റോണിയോ പറഞ്ഞു. പലപ്പോഴും ഇവിടുത്തെ ജനങ്ങള്‍ ചികിത്സയ്ക്കായി നഗരത്തിന് പുറത്തേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മേയറുടെ ഉത്തരവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. അദ്ദേഹം ചെയ്തത് ശരിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.