ആഗോളതലത്തില്‍ തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. തൊഴിലില്ലായ്മ വ്യക്തികളെ സാമ്പത്തികമായും മാനസികമായും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍രഹിതര്‍ക്കായി ചൈനയില്‍ ആരംഭിച്ച പുതിയ സംരംഭം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചൈനയില്‍ 30 യുവാന്‍ (350 രൂപ) കൊടുത്താല്‍ ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ ഒരു ഓഫീസ് കെട്ടിടം നേടാം. ജോലിയില്ലാതെ വീട്ടിലിരിക്കുന്നവരുടെ മാനസിക സന്തോഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്.
ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ ഇത്തരം സേവനത്തെക്കുറിച്ചുള്ള ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. ദിവസവും 29.9 യുവാന്‍ (351 രൂപ) നല്‍കിയാല്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഉച്ചഭക്ഷണം ഉള്‍പ്പെടെ ലഭിക്കുന്ന ഒരു ഓഫീസ് മുറി വാടകയ്ക്ക് ലഭിക്കുമെന്നായിരുന്നു പരസ്യത്തില്‍ പറയുന്നത്. ഇതിനുപുറമെ കമ്പനിയുടെ ബോസായി വേഷമിട്ട് കസേരയിലിരുന്ന് ഫോട്ടോഷൂട്ട് നടത്താന്‍ 50 യുവാന്‍ (588 രൂപ) നല്‍കിയാല്‍ മതിയെന്ന മറ്റൊരു പരസ്യവും ചര്‍ച്ചയാകുന്നുണ്ട്.
ആഗോളതലത്തില്‍ നിരവധി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു സംരംഭം തൊഴില്‍രഹിതര്‍ക്ക് ആശ്വാസമാകുമെന്നാണ് ചിലര്‍ പറയുന്നത്. തൊഴില്‍രഹിതരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് ഒളിച്ചോട്ടമാണെന്നും ഇതെല്ലാം പുതിയ ജോലി കണ്ടെത്തുന്നതിന് വെല്ലുവിളിയാകുമെന്നും ചിലര്‍ പറഞ്ഞു.
ഇ-കൊമേഴ്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്ന ജില്‍വേയ് എന്ന യുവാവ് തന്റെ ജോലി നഷ്ടപ്പെട്ടതിനെപ്പറ്റിയും തിരികെ മാതാപിതാക്കളോടൊപ്പം താമസിക്കേണ്ടി വന്നതിനെപ്പറ്റിയും മനസുതുറന്നു. ‘‘തൊഴില്‍ലില്ലാതെ ജീവിക്കേണ്ടി വരുന്നത് കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് തള്ളിവിടും. ആ ഒരു മനോഭാവം എന്റെ കുടുംബാംഗങ്ങളിലേക്ക് കൂടി എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’’ അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പഴയത് പോലെ ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സമ്മര്‍ദ്ദമാണ് ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക് പ്രൊഫസറായ സാംഗ് യോംഗ് പറഞ്ഞു. ’’ ജീവിതവിജയം കൈവരിക്കാന്‍ സമൂഹം വ്യക്തികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. അമിതപ്രതീക്ഷയോടെയാണ് യുവാക്കള്‍ ജോലിയിലേക്ക് പ്രവേശിക്കുന്നത്. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നത് അവരെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് എത്തിക്കും,’’ അദ്ദേഹം പറഞ്ഞു.
ചൈനയില്‍ തൊഴിലില്ലായ്മ വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ജൂണില്‍ 16 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കിടയില്‍ 21.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.