മോസ്കോ: ബന്ധം ഊട്ടിയുറപ്പിക്കാനും സഹകരണ കരാറിൽ ഒപ്പുവെക്കാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. വ്യാപാര, സൈനിക, ശാസ്ത്ര, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
റഷ്യൻ കമ്പനികൾക്കെതിരെ യു.എസ് ഉപരോധം ശക്തമാക്കുന്നതിനിടയിലും ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനും മുന്നോടിയായാണ് നീക്കം. അതേസമയം, കരാറിൽ ഒപ്പുവെക്കാൻ നേരത്തേ തീരുമാനിച്ചതാണെന്നും ട്രംപിന്റെ സത്യപ്രതിജ്ഞയുമായി കൂടിക്കാഴ്ചക്ക് ബന്ധമില്ലെന്നും റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ അധികാരമേറ്റ ശേഷം പുടിനുമായി പെസഷ്കിയാൻ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ ഉണർവ് നൽകാൻ പുതിയ കരാറിന് കഴിയുമെന്ന് പുടിൻ പറഞ്ഞു. ബന്ധം തുടരുന്നതിന് കരാർ ശക്തമായ അടിത്തറ പാകുമെന്ന് പെസഷ്കിയാനും അഭിപ്രായപ്പെട്ടു.
ബാഹ്യശക്തികളുടെ സാന്നിധ്യം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നും സ്ഥിതിഗതി അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷമാണ് ഇറാനുമായുള്ള റഷ്യയുടെ ബന്ധം ശക്തമായത്. റഷ്യക്ക് ഡ്രോൺ നൽകുന്നത് ഇറാനാണെന്നാണ് യു.എസ് ആരോപണം. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാൻ സഖ്യത്തിൽ അംഗമാവുകയും ചെയ്തിരുന്നു.