വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചേര്‍ന്നുള്ള പ്രാര്‍ത്ഥനാവാരത്തിന് വത്തിക്കാനില്‍ തുടക്കമായി. ജനുവരി 18നു ആരംഭിച്ച പ്രാര്‍ത്ഥനാവാരം വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാളായ ജനുവരി 25നു സമാപിക്കും. യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, ”നിങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ?’ എന്നുള്ളതാണ് ഈ വര്‍ഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേര്‍ന്നു ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്ത്ഥനാവാരത്തിലെ പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.
ക്രിസ്തുവര്‍ഷം 325ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിനടുത്തുള്ള നിഖ്യായില്‍ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യന്‍ ഐക്യവാരത്തിനുള്ള പ്രാര്‍ത്ഥനകളും വിചിന്തനങ്ങളും തയാറാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബ് എന്നീ ഭാഷകളില്‍ പ്രാര്‍ത്ഥന പുറത്തിറക്കിയിട്ടുണ്ട്. ആദ്യ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വത്തിക്കാന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.
കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കന്‍ എപ്പിസ്ക്കോപ്പല്‍ സമൂഹാംഗമായിരുന്ന ഫാ. പോള്‍ വാറ്റ്സണ്‍ 1908-ല്‍ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ല്‍ സഭകളുടെ ലോക സമിതിയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്ഥാപിതമായതിനു ശേഷം വിവധ ക്രൈസ്തവ സഭകളും ഈ ആചരണത്തില്‍ പങ്കുചേരാന്‍ തുടങ്ങുകയും എക്യുമെനിക്കല്‍ സ്വഭാവം കൈവരുകയുമായിരിന്നു.
അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചുകള്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകള്‍, മൊറാവിയന്‍ ചര്‍ച്ച്, ലൂഥറന്‍, ആംഗ്ലിക്കന്‍, മെനോനൈറ്റ്, മെത്തഡിസ്റ്റ് ചര്‍ച്ചുകള്‍, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് കൂട്ടായ്മകളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കാളികളാകുന്നുണ്ട്.