പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയയില്‍ ഡാനിയല്‍ പിയേഴ്സണ്‍ എന്നയാള്‍ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ അഞ്ജല ബോറിസോവ ഉറുമോവ (20) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പിയേഴ്സണ്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഉറുമോവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പിയേഴ്സണിന് ഒരു മാസം ജയിലില്‍ കഴിയേണ്ടിവന്നു.
2024 ഏപ്രില്‍ 16ന് പിയേഴ്സണ്‍ സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് വച്ച് തന്നെ ആക്രമിച്ചുവെന്നാണ് ഉറുമോവ ആരോപിച്ചത്. പിയേഴ്സണ്‍ തന്റെ പാന്റ് വലിച്ചുകീറുകയും മുഖത്ത് അടിക്കുകയും ചെയ്തതായി ഉറുമോവ പറഞ്ഞതായി ബക്സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി, മിഡില്‍ടൗണ്‍ ടൗണ്‍ഷിപ്പ് പൊലീസ് ആക്രമണം നടന്നതായി പറയപ്പെടുന്ന പ്രദേശത്തെ വിവിധ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ബക്സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസിലെ ഒരു ഡിറ്റക്ടീവ് ഉറുമോവയുടെ മൊബൈല്‍ ഫോണ്‍ ഡാറ്റ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കി.പരിശോധനയില്‍ ഉറുമോവയുടെ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണ്ടെത്തി.
ഇതേ തുടര്‍ന്ന് അധികൃതര്‍ ഉറുമോവയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ കള്ളം പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ആരും തന്നെ ആക്രമിച്ചിട്ടില്ലെന്ന് ഉറുമോവ സ്ഥിരീകരിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
”പിയേഴ്സണിനെ താന്‍ മുമ്പ് കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ട്രക്ക് ഓര്‍മയുണ്ടായിരുന്നു. അതിനാലാണ് പിയേഴ്സണെതിരെ പരാതി നല്‍കിയത്. ഒരു കുടുംബാംഗവുമായുള്ള വഴക്കിനിടെയാണ് മുഖത്ത് പരുക്കേറ്റത്. മുത്തശ്ശിക്ക് ഡിമെന്‍ഷ്യ ബാധിച്ചിട്ടുണ്ട്. . വീട്ടില്‍ കയറിയപ്പോള്‍ മുത്തശ്ശി തന്നെ തിരിച്ചറിഞ്ഞില്ല, ഒരു പ്ലാസ്റ്റിക് വസ്തു തന്റെ നേരെ എറിഞ്ഞു. അത് ചുണ്ടില്‍ തട്ടി. ഈ സംഭവമാണ് ചുണ്ടില്‍ മുറിവുണ്ടാക്കിയതെന്ന്” ഉറുമോവ വെളിപ്പെടുത്തി.
ഉറുമോവ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പിയേഴ്സണെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. കേസില്‍ ശിക്ഷ പിന്നീട് വിധിക്കും.