ദാവോസ്: ലോകത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്‌ഫാം. 2024-ൽ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് തൊട്ടുമുൻപത്തെ വർഷത്തെക്കാൾ മൂന്നിരട്ടിവേഗത്തിൽ വളർന്നു. രണ്ടുലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അവരുടെ പക്കലുള്ള സമ്പാദ്യം 15 ലക്ഷംകോടി ഡോളറായി പെരുകി.
അതേസമയം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ (560 രൂപ) വരുമാനമുള്ളവർ) സമ്പത്തിൽ 1990 മുതൽ കാര്യമായ മാറ്റമുണ്ടായില്ല. 2024-ൽ ലോകത്തെ അതിസമ്പന്നരായ പത്തുപേരുടെ സമ്പത്ത് ഒരുദിവസം ശരാശരി 10 കോടി ഡോളറാണ് കൂടിയത്. പത്തുവർഷത്തിനുള്ളിൽ ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള (ട്രില്യണയർ) അഞ്ചുപേരെങ്കിലുമുണ്ടാകുമെന്നാണ് ഓക്സ്‌ഫാമിന്റെ പ്രവചനം.
യൂറോപ്പിലെ അതിസമ്പന്നരുടെ സമ്പത്തിന്റെ വലിയഭാഗവും കോളനിവത്കരണത്തിലൂടെ ലഭിച്ചതും ദരിദ്രരാജ്യങ്ങളെ ചൂഷണംചെയ്തുണ്ടാക്കിയതുമാണ്. മുൻ കൊളോണിയൽ ശക്തികൾ ഭൂതകാലത്ത് ചെയ്ത ദോഷകരമായ പ്രവൃത്തികൾ നഷ്ടപരിഹാരം നൽകി പരിഹരിക്കണമെന്ന് സംഘടന നിർദേശിച്ചു.
ലോക സാമ്പത്തികഫോറത്തിന്റെ വാർഷിക ഉച്ചകോടിയുടെ ആദ്യദിനം പുറത്തുവിട്ട സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഓക്സ്‌ഫാമിന്റെ കണ്ടെത്തലുകളുള്ളത്.
ഇതിനുമുൻപ് അതിസമ്പന്നരുടെ സമ്പത്തിൽ റെക്കോഡ് വർധനയുണ്ടായത് 2021-ലാണ് (5.8 ശതമാനം).